മാപ്പ് സാക്ഷിയാകാൻ എൻഐഎ നിർബന്ധിച്ചുവെന്ന് പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ്. എന്നാൽ താൻ മാപ്പ് സാക്ഷിയാകില്ലെന്നും അലൻ ഷുഹൈബ് പ്രതികരിച്ചു. രോഗബാധിതയായ അമ്മമ്മയുടെ സഹോദരിയെ സന്ദർശിക്കനായി മൂന്ന് മണിക്കൂർ പരോൾ കഴിഞ്ഞ് മടങ്ങവെയാണ് അലന്റെ പ്രതികരണം.
മാപ്പുസാക്ഷിയാകാൻ തനിക്ക് മേൽ പല കോണുകളിൽ നിന്നായി സമ്മർദ്ദമുണ്ടെന്ന് അലൻ ഷുഹൈബ് കഴിഞ്ഞ ദിവസം കൊച്ചി എൻഐഎ കോടതിയിൽ മൊഴി നൽകിയിരുന്നു. പിന്നാലെയാണ് എൻഐഎ മാപ്പു സാക്ഷിയാകാൻ ഓഫർ വച്ചെന്നും, എന്നാൽ അതിന് താൻ തയാറല്ലെന്നും അലൻ പ്രതികരച്ചത്. കൂട്ടുപ്രതി താഹയെ കുടുക്കാനാണോ ഈ നീക്കം എന്ന ചോദ്യത്തിന്, ‘മാപ്പ് സാക്ഷിയാക്കുകയെന്നാൽ അറിയാലോ’ എന്നായിരുന്നു മറുപടി.
അലന് നേരെ സമ്മർദ്ദമില്ലെന്നും താത്പര്യം ഉണ്ടെങ്കിൽ മാത്രം മാപ്പ് സാക്ഷിയാകാമെന്നും ആയിരുന്നു എൻഐഎ കോടതിയിൽ അറിയച്ചിരുന്നത്. അമ്മമ്മയുടെ സഹോദരിയെ സന്ദർശിക്കനായി കോടതി ഇന്നലെ അലന് മൂന്ന് മണിക്കൂർ പരോൾ അനുവദിച്ചിരുന്നു. കനത്ത സുരക്ഷയോടെ അലൻ ഷുഹൈബിനെ കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിലെത്തിച്ചത്.