ബാഴ്സക്കും റയലിനും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്…
റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. ഈ ജയത്തോടെ ബാഴ്സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്.
വിനീഷ്യസ് ജൂനിയറിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി 50ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വൈകാതെ സോസിഡാഡ് സമനില ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും വാറിന്റെ മറ്റൊരു വിവാദ തീരുമാനത്തിലൂടെ ഗോള്‍ റദ്ദാക്കി. സോസിഡാഡ് താരം മൈക്കല്‍ മെറീനോ മാഡ്രിഡ് ഗോളിയുടെ കാഴ്ച്ച തടസപ്പെടുത്തിയെന്ന കാരണം പറഞ്ഞാണ് ഗോള്‍ റദ്ദാക്കിയത്.
71ാം മിനുറ്റില്‍ ബെന്‍സമ നേടിയ ഗോളും റയല്‍ സോസിഡാഡ് താരങ്ങളുടെ പ്രതിഷേധത്തിനിടെയായിരുന്നു. ബെന്‍സമ പന്ത് നിയന്ത്രിച്ചത് കൈകൊണ്ടാണെന്നായിരുന്നു ആരോപണം. 83ാം മിനുറ്റില്‍ മെറിനോ ആശ്വാസഗോള്‍ നേടിയെങ്കിലും സോസിഡാഡിന് റയല്‍ മാഡ്രിഡിന്റെ ജയം തടയാനായില്ല.
ഇതോടെ 30 മത്സരങ്ങളില്‍ നിന്നും റയല്‍ മാഡ്രിഡിനും ബാഴ്സലോണക്കും 65 പോയിന്റ് വീതമായി. വെള്ളിയാഴ്ച്ച സെവില്ലയുമായി ബാഴ്സലോണ ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് റയല്‍ മാഡ്രിഡിന് ബാഴ്സയെ മറികടക്കാനുള്ള വഴി തെളിഞ്ഞത്. ഇനി എട്ട് മത്സരങ്ങള്‍ വീതമാണ് ഇരു ടീമുകള്‍ക്കും ബാക്കിയുള്ളത്.