നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിലപാടിൽ നിന്നു പിന്നോട്ടുപോകേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനങ്ങളുടെ സുരക്ഷയാണ് വലുത്. പ്രതിപക്ഷം നടത്തിവരുന്ന സമരം കണക്കിലെടുക്കേണ്ടതില്ലെന്നും സെക്രട്ടേറിയറ്റ് നിർദേശിച്ചു.
രോഗബാധിതനായ ഒരാൾക്കൊപ്പം സഞ്ചരിക്കുന്ന കൊവിഡ് നെഗറ്റീവായവർക്കും രോഗം പകരാനുള്ള സാധ്യത വളരെയേറെയാണ്. അതുകൊണ്ടാണ് പരിശോധന വേണമെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. ജനങ്ങളുടെ സുരക്ഷയാണ് വലുത്. രോഗവ്യാപനം തടയാനുള്ള ശ്രമങ്ങളിൽ വെള്ളം ചേർക്കേണ്ടതില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
അതേസമയം, പ്രവാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് നേതാക്കളും കേന്ദ്രസഹമന്ത്രി വി.മുരളീധരനുമെല്ലാം ശ്രമിക്കുന്നത്. ഇതു കണക്കിലെടുക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. കളമശേരി ഏരിയാ സെക്രട്ടറി സർക്കീർ ഹുസൈനെതിരായ നടപടിയിൽ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കാതിരുന്നതുകൊണ്ടാണ് വിഷയം ചർച്ച ചെയ്യാതിരുന്നത്.