കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ കുണ്ടലിയൂർ വഴിനടയ്ക്കൻ കുമാരൻ (87) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദ്രോഗവും വന്നു. ഇതിനിടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായതോടെ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി
ന്യൂമോണിയയും ശ്വാസതടസവും മൂലം കഴിഞ്ഞ മൂന്നാം തീയതിയാണ് കുമാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ ഇവിടെനിന്നും പിന്നീട് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ഞായറാഴ്ച രാത്രി തൃശൂർ മെഡിക്കൽകോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇയാളുടെ രോഗപകർച്ച ഉൾപ്പടെയുള്ള വിവരം ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന് പ്രമേഹവും ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് പറയുന്നു.