ഒമാൻ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷൻ നിയമം ഒഴിവാക്കി. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴിൽ രണ്ട് വർഷം പൂർത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കിൽ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാം. ഇതിന് തൊഴിൽ കരാറിന്റെ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചുവിട്ടതിന്റെയോ തൊഴിൽ കരാർ അവസാനിപ്പിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാൽ മതിയെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തി പൊലീസ് ആൻറ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്.ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷിറൈഖി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
അടുത്ത വർഷം ജനുവരി 1 മുതലാകും എൻ.ഒ.സി ഒഴിവാക്കൽ പ്രാബല്യത്തിൽ വരുക. രണ്ടാമത്തെ തൊഴിലുടമയുടെ വിദേശ തൊഴിലാളിയുമായുള്ള കരാറുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനത്തിന്റെ അനുമതി ആവശ്യമായി വരും. ഇതിനുള്ള വ്യവസ്ഥകൾ പിന്നീട് അറിയിക്കും. വിദേശ തൊഴിലാളിയുടെ റെസിഡൻസ് പെർമിറ്റ് മാറുമ്പോൾ കുടുംബാംഗങ്ങളുടേതും ഒപ്പം മാറുകയും ചെയ്യും.
ഒമാനിലെ പ്രവാസികൾ ഏറെ നാളുകളായി കാത്തിരിക്കുന്നതാണ് എൻ.ഒ.സി നിയമത്തിന്റെ നീക്കം ചെയ്യൽ. 2014ലാണ് ഈ നിയമം നടപ്പിൽ വരുത്തിയത്. ഇത് പ്രകാരം വിദേശികൾക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കിൽ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്ത പക്ഷം ഒമാൻ വിട്ട് രണ്ട് വർഷ കാലയളവിൽ രാജ്യത്തേക്ക് തിരിച്ചുവരാൻ അനുമതി ഉണ്ടായിരുന്നില്ല.