പാലക്കാട്: കുവൈറ്റിൽനിന്ന് മടങ്ങിയെത്തി വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കിയതിന് നഗരസഭയിൽനിന്ന് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്ടാണ് സംഭവം. നഗരസഭയിലെത്തി ക്വാറന്റീൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുന്നതിനിടെയാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചെന്ന സന്ദേശം മൊബൈൽഫോണിൽ ലഭിച്ചത്. ഇവർ ഗർഭിണിയാണ്.
ഇതോടെ നഗരസഭയിലെ നാലു ജീവനക്കാരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. കൂടാതെ യുവതി താമസിച്ച പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.
ഒന്നേകാൽ വയസുള്ളു കുഞ്ഞുമായി മെയ് 13നാണ് യുവതി കുവൈത്തിൽനിന്ന് കേരളത്തിലെത്തിയത്. നാട്ടിലെത്തിയ അന്നുമുതൽ ഇവർ ക്വാറന്റീനിൽ കഴിയുകയായിരുന്നു. മെയ് 25ന് ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. എന്നാൽ ക്വാറന്റീൻ പൂർത്തിയാക്കിയതോടെ ഇതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ യുവതിയുടെ അച്ഛൻ നഗരസഭയിലെത്തി. മകളുമൊത്ത് വരണമെന്ന നിർദേശമാണ് നഗരസഭ ഉദ്യോഗസ്ഥർ നൽകിയത്.
വെള്ളിയാഴ്ച നഗരസഭയിലെത്തി സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫോൺ സന്ദേശം ലഭിച്ചത്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തണമെന്നായിരുന്നു സന്ദേശം. ഇപ്പോൾ യുവതി ആശുപത്രിയിൽ കൊറോണ വാർഡിൽ ചികിത്സയിലാണ്.
എന്നാൽ പരിശോധന ഫലം വരാതിരുന്നതുകൊണ്ടാണ് സർട്ടിഫിക്കറ്റ് വാങ്ങാനായി നഗരസഭയിൽ എത്തിയതെന്നായിരുന്നു യുവതിയുടെ വിശദീകരണം. എന്നാൽ പരിശോധന ഫലം വൈകിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.