സർക്കാർ കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുറച്ചു കാണിക്കാൻ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. 24നോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന് പുറത്തുള്ള മലയാളികളെ കേരളത്തിൽ എത്തിക്കാത്തത് നമ്പർ കുറച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ മലയാളികളുടെ മാത്രം മുഖ്യമന്ത്രി ആണോയെന്ന് എം കെ മുനീർ ചോദിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്ക് ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും പ്രതിപക്ഷ ഉപനേതാവ്.
അതേസമയം കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസ്ഥാനത്തെ എംപിമാരുടേയും എംഎൽഎമാരുടേയും യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരക്കാണ് വീഡിയോ കോൺഫറൻസ്. യോഗത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നതയുണ്ട്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരനും മുന്നണിയുടെ ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കി.
കൊവിഡുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. എംപിമാരുടേയും എംഎൽഎമാരുടേയും യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. ജില്ലാ കളക്ടറേറ്റുകളിലെത്തിയാണ് ജനപ്രതിനിധികൾ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കേണ്ടത്.