ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന്
കൊരട്ടി: സംഹാര താണ്ഡവമാടുന്ന കോവിഡിന്റെ വിളയാട്ടത്തിലും തളരാത്ത മനസ്സുമായി ഫാ. ജിജൊ കണ്ടംകുളത്തി ചൈനയില്‍ മക്കാവിലിരുന്ന് തന്റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍തഥിക്കുന്നു. മരിച്ചു കിടക്കുന്ന അമ്മയെ ഒരുനോക്ക് കാണാന്‍ സാധിക്കാതെ വിദേശത്തിരുന്ന് കരയുന്ന ഒരു മകന്റെ വ്യഥ കവിത യായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
ഫാ. ജിജൊ കണ്ടംകുളത്തി എഴുതിയ `തായേ വിട – ഒരു പ്രവാസി സന്യാസിയുടെ വ്യഥ’ എന്ന കവിത മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏവരുടേയും മനസ്സലിയിക്കും.
റവ. ഫാ. ജിജൊ കണ്ടംകുളത്തി സി.എം.എഫ്. തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്റ് വികാരിയായും അവിടെയുള്ള സെന്റ് പീറ്റേഴ്സ് സ്കൂളിന്റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്റെ എഡിറ്ററായി സേവനം ചെയ്യുന്നു.
കവിതാ രചനയും പ്രേഷിതപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഫാ.ജിജൊ കണ്ടംകുളത്തി തെളിയിക്കുന്നു. ` കഴുകനും കബന്ധവും’ , `പുനര്‍ജനി’ തുടങ്ങി നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഫാ. ജിജൊ കണ്ടംകുളത്തിക്ക് അമ്മയുടെ മൃതസംസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.