കൊവിഡ് വൈറസ് ബാധയെ തുടർന്ന് സിനിമകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. വിവിധ ഭാഷകളിലുള്ള ഏഴ് സിനിമകൾ തങ്ങൾ റിലീസ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച ആമസോൺ പ്രൈം രാജ്യത്തെ പുതിയ സിനിമാ സംസ്കാരത്തിന് തുടക്കമിട്ടു. ഈ പട്ടികയിൽ ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ എന്ന ചിത്രവും ഉൾപ്പെട്ടിരുന്നു. ഇതോടെ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രം എന്ന നേട്ടവും ‘സൂഫിയും സുജാതയും’ കുറിച്ചു.
എന്നാൽ, ചിത്രം ഓൺലൈനിൽ റിലീസ് ചെയ്താൽ ജയസൂര്യയുടെ ചിത്രങ്ങൾ ഇനി ഒരിക്കലും തീയറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫേഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ താക്കീത് നൽകി. റിലീസിനെതിരെ ഫിലിം ചേംബറും തിയറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തി. എന്നാൽ, ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി നിർമാതാവ് വിജയ് ബാബു പ്രഖ്യാപിച്ചു. വിഷയത്തിൽ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തൻ്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്.
എവിടെ പ്രദർശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദർശിപ്പിക്കണമെന്നു തീയേറ്ററുകളും തീരുമാനിക്കട്ടെ എന്നാണ് ലിജോയുടെ അഭിപ്രായം. അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുണ്ട് എന്നും ലിജോ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പേജ്:
‘തങ്ങളുടെ സിനിമകൾ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്.’