സിമി നസീർ
കോതമംഗലം
പൊന്നേ പുട്ടെന്നു വച്ചാൽ ഒരു ഒന്നൊന്നര സംഭവം തന്നെ. അരിപ്പുട്ട്, തരിപ്പുട്ട്, റവപ്പുട്ട്, റാഗിപ്പുട്ട്, കപ്പപ്പുട്ട്, കടലപ്പുട്ട് ,മണിപ്പുട്ട്, മധുരപ്പുട്ട്, ഇറച്ചി പുട്ട് ചെമ്മീൻ പുട്ട്, ന്യൂ ജൻ താരങ്ങൾ ആയ കാരറ്റ് പുട്ട്? ചക്ക പുട്ട് ചോക്ലേറ്റ് പുട്ട്. ഇത് ഒന്നും പോരാതെ മഞ്ഞ കളറിൽ ഒരു മംഗല്യപ്പുട്ട്..
ഈ മംഗല്യപ്പുട്ടിന് വേറൊരു പേരുണ്ട്.. പുട്ടമൃത്. വെറുതെ ഒരു പേര് ഇട്ടത് അല്ല കുട്ട്യോളേ. പുട്ടു പുഴുങ്ങാൻ ഉള്ള പൊടിയിൽ തേങ്ങയും കരുപ്പെട്ടിയും പഴം നുറുക്കും ചുക്കും ഏലക്ക പൊടിച്ചതും വിതറി ഇളക്കി വേവിച്ച ഈ സ്വർഗ്ഗീയ ഭക്ഷണം നമ്മുടെ അയൽ നാട്ടുകാരായ അരുമ തങ്കച്ചിമാർ വിശേഷങ്ങൾക്കേ വിളമ്പാറുള്ളൂ.
ഇനി നമ്മുടെ നാട്ടിലോ.. അപ്പത്തരങ്ങൾ എല്ലാം കൂമ്പാരം ആയി വിളമ്പി വച്ച അമ്മായി മരുമകന് പുട്ട് മാത്രം കൊടുത്തില്ല… അരി കലക്കി ചുട്ടപ്പം അതിന് മേലേ നെയ്യപ്പം എല്ലാം വിളമ്പി പക്ഷെ ആറ്റുനോറ്റ് ആവി കയറ്റിയ അരിപ്പിറാവിനെ പുട്ടകുറ്റിയിൽ തന്നെ വച്ചു. ആളൊഴിഞ്ഞ് അരങ്ങൊഴിഞ്ഞ് ആയിരം പേരും പോയിട്ടു വേണം അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തി ചോട്ടിൽ തക്കം നോക്കി തനിച്ചിരുന്ന് പഞ്ചസാര തൂവി ഒരു പിടി.. പഴം ചേർത്ത് ഒരു പിടി..പയർ താളിച്ചതിനു മേലേ പപ്പടം പൊടിച്ചതും ചേർത്തു കുഴച്ചു തൂത്തു വാരി വിരലും വായിലിട്ട് മേലേ ഒരു കവിൾ കട്ടനും കുടിക്കണം.
കട്ടൻ എന്നാൽ വെറും കട്ടൻ ചായ അല്ല മക്കളേ മൂപ്പരിപ്പോ പേര് മാറ്റി.. മൊഹബ്ബത്തിന്റെ സുലൈമാനി.. ഇഞ്ചി വേണം മധുരം വേണം മണക്കാൻ ഒരു തരി തരി തരി ഏലത്തരി. കൂടെയൊരു മൊഞ്ചത്തീം. മൊഹബ്ബത്ത് എപ്പൊ വന്നെന്നു പറഞ്ഞാൽ പോരേ ഭായ്.
തീർന്നില്ല പുട്ട് ചരിതം ആട്ടക്കഥ
പുന്നാരം ചൊല്ലി ചൊല്ലി പാടാത്ത പാട്ടും പാടി പാഞ്ഞു നടക്കുന്ന കുഞ്ഞിപ്പെണ്ണിന് പൂമ്പാറ്റപ്പുട്ടാണത്രേ പഥ്യം. പൂ പുഞ്ചിരി പാൽ പുഞ്ചിരി പല്ലില്ലാച്ചിരി കാരറ്റിനെ കൈ കാണിച്ചു വിളിച്ചു കണ്ണു പൊത്തി കളിയാക്കി തോലുരിച്ച് മിണ്ടാതെ ഉരിയാടാതെ കാക്ക കൊത്താതെ ചീകി ചിരകി ഉപ്പും തേങ്ങയും വിതറിയതും ആത്മനിവേദനമറിയാതെ വെള്ളം കൂടിയ അരി മാവ് കൈ പിടിച്ചു കാല് പിടിച്ചു വെള്ളം തോർത്തിയതും അടുക്കി നിറച്ചു ആവിയിൽ പുഴുങ്ങി അച്ഛനെ ആണെനിക്കിഷ്ടം പാടി പിന്നീന്ന് കുത്തി പാത്രത്തിൽ ആക്കി പഞ്ചാര തൂവി ചിഞ്ചില്ലം തുള്ളി ഒന്നു വിളിച്ചു നോക്കൂ…. ചന്തം തികഞ്ഞോരാ പൂപുഞ്ചിരിക്കൊരു ചന്ദനം ചാർത്തി തരും ഞാൻ.
അതിശയപ്പത്തിരി നാണിച്ചു മാറുമൊരു പുട്ട് ആണ് മണിപ്പുട്ട്. കിലുങ്ങുന്ന പേര് ഉള്ള കിങ്ങിണി വച്ച കിളിപ്പുട്ട്.. ഇതു വേണം എങ്കിൽ ഇംഗ്ലീഷ് പാട്ട് പോരാ ഹരി മുരളി രവം തന്നെ വേണം.. രവം രവം..രവം..ന്ന് ദാസേട്ടൻ ഉപസംഹരിക്കുമ്പോൾ ഉള്ളീന്നു വരുന്ന ഒരു ആന്തൽ ഉണ്ടല്ലോ..ആ അത് തന്നെ
അഞ്ജന മിഴി പൂട്ടി ഉറങ്ങാതെ അടുക്കളയിൽ എത്തി അരിപ്പൊടി എടുത്തു ആനന്ദം അനന്ദാനന്ദം. ഹൃദയാനന്ദം സംഗീതം പാടി തിളച്ച വെള്ളം ഒഴിച്ച് വാട്ടി താലത്തിൽ തട്ടി ഇനി എന്ത് നൽകണം എന്ന് അന്തം വിടാതെ കുഴച്ചു മിന്നിച്ച് അച്ചിൽ ഇട്ട് അമർത്തി മാനസ മൺവീണയിൽ ഗാനം പകർന്നു ഭവാൻ പാടി തുടങ്ങണം.. ആർദ്രമാം ധനു മാസരാവിൻ നിലാവ് പോലെ നേർത്ത അരി നൂലുകൾ ഇളകി ഇളകി വീണാൽ തട്ടാതെ മുട്ടാതെ കുറ്റിയിൽ ആക്കി തട്ടി തടവി താഴെ വീഴ്ത്തി തമ്മിൽ അകറ്റി തളികയിൽ ആക്കി തപ്പും കൊട്ടി താളംജ പിടിച്ചു തന്നെ തിന്നുന്നതിന്റെ സുഖം…മോനേ ദിനേശ്.. സവാരി ഗിരി ഗിരി..സവാള കിരി കിരി..
ഈ പുട്ട് ഇളം പുട്ടിൽ ഇത്തിരിയോളം ചക്കര ചേർത്തു പുഴുങ്ങിയാൽ മധുരപ്പുട്ട്..ഏത്തപ്പഴവും നെയ്യും ആണ് എങ്കിൽ പഴം പുട്ട്. ഈ പാട്ടും പാട്ടല്ല ഈ പുട്ടും പുട്ടല്ല എന്ന് തോന്നുന്നവർക്കാണ് ചിരട്ടപ്പുട്ട്..നന്നായി കഴുകിയ കണ്ണൻ ചിരട്ടയിൽ അരി മാവിനൊപ്പം തേങ്ങയോ പഴം നുറുക്കോ മനോധർമ്മം പോലെ ചേർത്തു ആവി കയറ്റിയാൽ ചിരട്ടപ്പുട്ട്..അരി മാവിനൊപ്പം പകരം റവ ആയാൽ റവപ്പുട്ട്. ഗൗരവമുള്ളവർക്ക് ആണ് ഗോതമ്പു പുട്ട് .ഇറച്ചി മസാല ചേർത്താൽ ഇറച്ചിപ്പുട്ട്. ചെമ്മീൻ ആണേൽ ചെമ്മീൻ പുട്ട്….പുട്ട് ഏതായാലും കഴിച്ചിട്ടുള്ള നമ്മുടെ ആ പാട്ട് മറക്കരുതേ
…വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ നിന്റെ
ചിരട്ട പുട്ടിന്റെ സ്വാദു നോക്കണ ദിവസം എന്നാണ്…
പെണ്ണേ ..ദിവസം എന്നാണ്.