പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിന് വിമർശനവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിലാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചുപിടിക്കും, ഗംഗയെ ശുദ്ധീകരിക്കും, ഭീകരവാദത്തിന് അന്ത്യം കുറിക്കും എന്നീ വാഗ്ദാനങ്ങൾ എഴുതിയ പേന കൊണ്ട് ആവരുതേ 20 ലക്ഷം കോടിയുടെ പാക്കേജ് തയാറാക്കിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനായി കാത്തിരിക്കുകയായിരുന്നു. വൈകിയായാണെങ്കിലും വന്നല്ലോ. ഇതിനെ സ്വാഗതം ചെയ്യുന്നു. വിശദമായ പ്രഖ്യാപനം വരുമ്പോഴെ ഏതൊക്കെ മേഖലകൾക്കാണ് പാക്കേജിന്റെ നേട്ടം ലഭിക്കുമെന്ന് മനസിലാകൂ’ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘഹ്ലോട്ട് പറയുന്നു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മുൻപ് തന്നെ സമൂഹ മാധ്യമത്തിലൂടെ ലോക്ക് ഡൗണിലെ ജനത്തിന്റെ കഷ്ടപ്പാട് കാണിച്ചുതരുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. മക്കൾക്ക് ഭക്ഷണം ലഭിക്കാതിരിക്കുന്നത് കണ്ട് ഭാരതമാത കരയുകയാണെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. ആളുകളെ സുരക്ഷിതരായി വീടുകളിൽ എത്തിക്കുകയും അവരുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ കഷ്ടപ്പാടുകളെക്കുറിച്ചും കോൺഗ്രസ് വക്താവായ രൺദീപ് സുർജേവാല പ്രതികരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തെക്കുറിച്ച് ഒന്നും ഉരിയാടാത്ത പ്രധാനമന്ത്രിയിൽ ഇന്ത്യ അസംതൃപ്തയാണെന്ന് അദ്ദേഹം പറഞ്ഞു.