സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. ഇയാള്‍ ചെന്നൈയിൽ നിന്നും വന്നയാളാണ്. വൃക്കരോഗി കൂടിയാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലയിലാണ് പത്ത് പേരുടെയും ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് 16 പേര് മാത്രമാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേര് നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 33 ഹോട്സ്പോട്ടുകളാണുള്ളത്.
സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്തുന്നതിൽ വലിയ തോതിൽ വിജയിച്ചു. മൂന്നാം ഘട്ടത്തെ നേരിടാന്‍ സജ്ജം. എന്നാല്‍ ഇനിയുള്ള നാളുകള്‍ പ്രധാനം. കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും ഇരിക്കണം.
പ്രവാസി സന്ദര്‍ശനം വേണ്ട, ശാരീരിക അകലം പ്രധാനം
വിദേശത്തുനിന്ന് എത്തുന്നവരെ സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള പതിവുരീതികളിൽനിന്ന് ആളുകൾ വിട്ടുനിൽക്കണം. വിദേശത്തുനിന്ന് എത്തി ക്വാറന്റൈനിൽ കഴിയുന്നവരും വീട്ടിലേക്കു പോയവരും ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്വാറന്റൈനിലായായും വീട്ടിലായാലും മടങ്ങിവരുന്നവർക്കു ശാരീരിക അകലം പ്രധാനമാണ്. അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന്റെ ദോഷഫലങ്ങൾ മുമ്പ് അനുഭവിച്ചതാണ്. അവരുമായി സമ്പർക്കം പുലർത്തരുതെന്ന നിർദേശം എല്ലാവരും കർശനമായി പാലിക്കണം. ഇവരെ സന്ദർശിക്കുന്ന പതിവുരീതികൾ വേണ്ട. നാം ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരുംദിവസങ്ങളിൽ സംരക്ഷിച്ച് നിർത്തുക എന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പ്രവാസികളെ പരിചരിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗത്തിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുകയാണ്. ഇതുവരെ ഉണ്ടായ മാതൃകാപരമായ സമീപനം പൊതു സമൂഹത്തിൽ നിന്നു വീണ്ടും ഉണ്ടാകേണ്ട സമയമാണ്. രാജ്യത്താകെ 1077 മരണം ഉണ്ടായെന്നാണ് കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇനിയുള്ള നാളുകളാണ് പ്രധാനം. മടങ്ങിയെത്തുന്ന പ്രവാസകൾക്ക് സാധ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മടങ്ങിവരുന്നവവർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചാഫ് സെക്രട്ടറിക്ക് അഭിനന്ദനം അറിയിച്ചു.
ഇന്ന് റിയാദിൽ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് 10 പേരും ഉണ്ട്. ഞായറാഴ്ച ദോഹയിൽ നിന്ന് വിമാനം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്. തിരികെയെത്തിയവർ പ്രത്യേക ശ്രദ്ധ പുലർത്തണം, സാമൂഹിക അകലം പാലിക്കണം.
അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന്റെ ഫലം മുൻഘട്ടങ്ങളിൽ അനുഭവിച്ചതാണ്. കുറേകാലമായി വന്നതാണെന്നു കരുതി സന്ദർശനം നടത്തുന്നത് അപകടം വരുത്തും. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വളരെ വേഗത്തിൽ സജ്ജീകരിക്കുന്ന ക്യാംപുകൾ പോലെയല്ല ക്വാറന്റീൻ കേന്ദ്രങ്ങൾ തയാറാക്കിയത്. നീണ്ട ദിവസത്തെ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയത്. ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ദുരന്തങ്ങളോട് പോരാടേണ്ടത് സമർപ്പണം കൊണ്ടാണ്. എന്ത് പരാതികളുണ്ടെങ്കിലും അത് പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പാസ് ലഭിച്ചവരിൽ 19411 പേർ റെഡ് സോൺ ജില്ലകളിൽ നിന്നാണ്. ഇതുവരെ എത്തിയതിൽ 8900ത്തോളം റെഡ്സോണിൽ നിന്ന് വന്നവരാണ്. റെഡ് സോൺ ജില്ലകളിൽ നിന്നു വന്നവർ 14 ദിവസം സർക്കാർ ഒരുക്കിയ ക്വാറന്റീനിൽ കഴിയണം. 75 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ളവരും ഗർഭിണികളും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. റെഡ് സോണിൽ നിന്നു വരുന്നവരെ ചെക്പോസ്റ്റിൽ നിന്നു തന്നെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഒരു ദിവസം കേരളത്തിൽ എത്താൻ പറ്റുന്ന അത്രയും പേർക്കാണ് പാസ് നൽകുന്നത്. പാസ് വിതരണം നിർത്തിയിട്ടില്ല, ക്രമത്തിൽ വിതരണം ചെയ്യും. ഇക്കാര്യത്തിൽ ക്രമവൽക്കരണം മാത്രമാണ് ഇപ്പോൾ െചയ്യുന്നത്.
റെഡ് സോണിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞ് ആരെയും തടയില്ല. എന്നാൽ എല്ലാത്തിനും കൃത്യമായ നടപടിക്രമം ഉണ്ട്. അത് പാലിക്കണം. റജിസ്റ്റർ ചെയ്യാതെ എത്തുന്നവരെ കടത്തി വിടില്ല. എവിടെനിന്നാണോ വരുന്നത് അവിടുത്തെ പാസും എവിടേക്കാണോ വരുന്നത് അവിടുത്തെ പാസും എടുക്കണം. ഇതൊന്നു ഇല്ലാതെ വരുന്നവരെ കടത്തിവിടില്ല. വിവരങ്ങൾ മറച്ചു വച്ച് വരുന്നതു തടയും . അതിർത്തിയിൽ ശാരീരിക അകലം പാലിക്കാതെ തിരക്കുണ്ടാവുന്നത് കാണുന്നുണ്ട്. അത് പാടില്ല. അതിർത്തിയിൽ പ്രത്യേക ക്യൂ സിസ്റ്റം അനുവദിക്കും.
അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിപോയ വിദ്യാർഥികൾക്ക് പ്രത്യേക ട്രെയിൻ അനുവദിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഡൽഹി, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനിൽ എത്തിക്കാൻ ശ്രമിക്കും. ലക്ഷദ്വീപിൽ കുടുങ്ങിയവരെ എത്തിക്കാൻ അവിടുത്തെ ഭരണകൂടവുമായി സംസാരിച്ചു. നിലവിൽ ലക്ഷദ്വീപിൽ കോവിഡ് കേസുകളില്ല.
ജോലിക്കായി അന്തർജില്ലാ യാത്രയ്ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് അനുവദിക്കും
ജോലി ആവശ്യത്തിനായി ജില്ല വിട്ടു യാത്ര ചെയ്യേണ്ടിവരുന്നവർക്ക് ഒരാഴ്ച വീതം കാലാവധിയുള്ള പാസ് അനുവദിക്കും. അനുവദിച്ചിട്ടുള്ള മേഖലകളിൽ ജില്ല വിട്ട് ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് നൽകും. അതത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർമാരാണ് പാസ് അനുവദിക്കേണ്ടത്. അപേക്ഷയുടെ മാതൃക ഓൺലൈനിൽ ലഭ്യമാക്കും. സ്റ്റേഷൻ ഹൗസ് ഓഫിസർമാരിൽനിന്ന് നേരിട്ടും പാസ് വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യസർവീസാണെങ്കിൽ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കാട്ടി യാത്ര ചെയ്യാമെന്ന് നേരത്തേ അറിയിച്ചിരുന്നു. റെഡ് സോണിലേക്കാണ് യാത്രയെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമായിവരും. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ ജില്ലാഭരണകൂടമാണ് തീരുമാനമെടുക്കുന്നത്.
പ്രവാസികള്‍ക്ക് 4ജി സിം; സൗജന്യ ഡാറ്റ, ടോക് ടൈം സേവനവുമായി എയര്‍ടെല്‍
വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചു. 4ജി സിം ആണ് നല്‍കുക. സൗജന്യ ഡാറ്റ, ടോക് ടൈം സേവനം ഉണ്ടാവുമെന്ന് എയര്‍ടെല്‍ അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ വാക്സിന്, ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ കുത്തകകമ്പനികള്‍ രംഗത്തുവരികയാണ്. ഇങ്ങനെ വികസിപ്പിക്കുന്ന ഉത്പന്നങ്ങള്‍ പേറ്റന്റ് ചെയ്ത് സാധാരാണക്കാര്‍ക്ക് താങ്ങാനാവാത്ത വന്‍വിലയ്ക്കായിരുിക്കും മാര്‍ക്കറ്റ് ചെയ്യുക. ഇതിന് ബദലായി പരസ്പരസഹകരണത്തിന്റെയും പങ്കിടിലിന്റെയു അടിസ്ഥാനത്തില്‍ ഓപ്പണ്‍ സോഴ്സ് കോവിഡ് പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നുണ്ട്. പേറ്റന്റ് സ്വന്തമാക്കാനുള്ള കുത്തകകമ്പനികളുടെ ശ്രമത്തിന് ബദലായി വളര്‍ന്നുവരുന്ന മൂവ്മെന്റാണ് ഇത്. ഇതിനോട് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.