വയനാട്ടിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി നിയമിതയായി. ശ്രീധന്യ ഉടൻ തന്നെ അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി ചുമതലയേൽക്കും.
സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ കേരളത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നയാളെന്ന നേട്ടവും ഇതോടെ സ്വന്തമാക്കിയിരുന്നു.
വയനാട്ടിലെ സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും ഗവർണർ പി സദാശിവവും ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് രാഹുൽ അഭിനന്ദനമറിയിച്ചത്. ശ്രീധന്യയുടെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവുമാണ് അവരുടെ സ്വപ്നം സഫലമാക്കാൻ സഹായിച്ചത്.ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിക്കുകയാണ്. തെരഞ്ഞെടുത്തിരിക്കുന്ന കർമ്മ മേഖലയിൽ മികച്ച വിജയം നേടാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും രാഹുലിന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.
ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ അന്നത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ശ്രീധന്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഏഴിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഐഎഎസ് കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ, അച്ഛന് സുരേഷ് അമ്മ കമല സഹോദരന് ശ്രീരാഗ് എന്നിവരോടൊപ്പമാണ് ഗവര്‍ണറെ കാണാനെത്തിയത്. വയനാട് ജില്ലാകലക്ടര്‍ എ ആര് അജയകുമാറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.