തമിഴ്നാട്ടിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ 26 മുതൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂർ, തിരുപ്പൂർ, സേലം എന്നീ കോർപറേഷനുകളിലാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യസാധനങ്ങൾ ഹോം ഡെലിവറിയായി മാത്രമാണ് ലഭിക്കുക. ഗതാഗതവും പൂർണമായും വിലക്കി.
ചെന്നൈ, മധുരെ, കോയമ്പത്തൂർ നഗരങ്ങളിൽ ഏപ്രിൽ 26 വൈകിട്ട് ആറു മുതൽ 29 വരെയാണ് അടച്ചിടുക. തിരിപ്പൂരിലും സേലത്തും 26 മുതൽ 28 വരെയും അടച്ചിടും. ചെന്നൈയിൽ 400 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ 134 ഉം തിരുപ്പൂരിൽ 110ഉം കോവിഡ് ബാധിതരാണുള്ളതാണ്.
ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, അമ്മ കാൻറീനുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. റേഷൻ കടകൾ സാമൂഹിക അടുക്കളകൾ, ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും സേവനം നൽകുന്ന സംഘടനകൾ എന്നിവക്കും പ്രവർത്തിക്കാം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചവരെ തുറക്കാം. ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താൻ മാത്രമാണ് അനുമതി.
കോവിഡ് വ്യാപന മേഖലകളിലേക്ക് പ്രവേശനം അനുവദിക്കില്ല. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. സംസ്ഥാനത്ത് 1629 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധയെ തുടർന്ന് 18 പേർ മരിക്കുകയും ചെയ്തു.