കേരളം ലോക്ക്ഡൌണ്‍ ചട്ടം ലംഘിച്ചെന്ന് കേന്ദ്രം. കേരളത്തോട് കേന്ദ്രം വിശദീകരണം തേടിയേക്കും. ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നും കേന്ദ്രസര്‍ക്കാര്‍. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര് സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തിന് എതിരാണ്. ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം കത്ത് നല്കി.
എന്നാല്‍ ലോക്ഡൌണുമായി ബന്ധപ്പെട്ട് കേന്ദ്രനിര്ദേശങ്ങള്ക്കുള്ളില് നിന്നുള്ള ഇളവുകളാണ് കേരളം നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ തെറ്റിധാരണയാണെന്നും കേന്ദ്രത്തിന് കേരളം വിശദീകരണം നല്‍കുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
എന്നാല്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം ആശയവിനിമയം നടത്തുക മാത്രമാണ് ചെയ്തെന്നാണ് ചീഫ് സെക്രട്ടറി നല്കുന്ന വിശദീകരണം. കേന്ദ്രത്തിന് ആശയക്കുഴപ്പം ഒന്നുമില്ലെന്നും കേന്ദ്രത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
രണ്ടാംഘട്ട ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം, കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഈ നിയന്ത്രണങ്ങള്‍ക്ക് ഏപ്രില്‍ 20 ശേഷം ഇളവുണ്ടാകുമെന്നും ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നത്. അതിന് ശേഷം ഏപ്രില്‍ 15 ന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.
2005 ലെ ദേശീയ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15ന് ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2005 ലെ നിയമത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ മാര്‍ഗരേഖ.
ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഒരു കത്താണ് കേന്ദ്രം ഇപ്പോള്‍ അയച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് അജയ് കുമാര്‍ ഭല്ലയാണ് കത്ത് അയച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപനം നിയന്ത്രിക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണുമായി ബന്ധപ്പെട്ട് എന്താണോ ഏപ്രില്‍ 15 ന് കേന്ദ്രം പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ അതുതന്നെ സംസ്ഥാനങ്ങള്‍ തുടരണമെന്നാണ് ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്.
കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശദീകരണം ചോദിച്ചേക്കുമെന്നുമുള്ള സൂചനകളും കത്തിലുണ്ട്. സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കികൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.