തിരുവനന്തപുരം: വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ക്ക് ഇന്നു ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്കി.
കോവിഡ് 19 ബാധയുടെ സാഹചര്യത്തില്‍ വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈന് ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വരുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ക്വാറന്റൈന് ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് നിശ്ചയിക്കും. ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിര്‍വഹിക്കും. ക്വാറന്റൈന് സെന്ററുകളില്‍ ആളുകളെ പരിശോധിച്ച് നെഗറ്റീവ് റിസള്‍ട്ടുള്ളവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കും.
പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കണമെന്നതാണ് നമ്മുടെ താല്പര്യം. അവര്‍ക്കും കൂടി അവകാശപ്പെട്ട നാടാണ് ഇത്. അവര്‍ക്ക് ഓരോരുത്തര്‍ക്കും വന്നിറങ്ങുന്ന സ്ഥലത്ത് വിപുലമായ പരിശോധനാ സംവിധാനം ഒരുക്കും. രോഗലക്ഷണമോ സാധ്യതയോ ഉള്ളവര്‍ക്ക് ക്വാറന്റൈന് സംവിധാനമുണ്ടാക്കും. അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിനു വിടും. ഇതെല്ലാം കുറ്റമറ്റ രീതിയില്‍ നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള മേല്‍നോട്ട സംവിധാനത്തിന് രൂപം നല്‍കും- ഈ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. നിലവില്‍ സംസ്ഥാനത്ത് കണ്ടെത്തിയ കെട്ടിടങ്ങള്‍, താമസ സൗകര്യത്തിനുള്ള മുറികള്‍ എന്നിവയുടെ എണ്ണം തൃപ്തികരമാണ്. കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശങ്ങളില്‍നിന്നു വരുന്നവര്‍ നോര്‍ക്കയിലോ എംബസി മുഖേനെയോ രജിസ്റ്റര്‍ ചെയ്യണം എന്നാണ് കാണുന്നത്. വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കോവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് ഉദ്ദേശം. അവരെ ആദ്യഘട്ടത്തില്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും വിദേശ മന്ത്രാലയത്തോടും അഭ്യര്‍ത്ഥിക്കും.
ജോലി നഷ്ടപ്പെടുകയോ വിസ കാലാവധി തീരുകയോ ചെയ്തവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് ജയില്‍വിമുക്തരായവര്‍, കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കാവുന്നതാണ്. മറ്റു യാത്രക്കാരെ മൂന്നാമത്തെ പരിഗണനാ വിഭാഗമായി കണക്കാക്കാം. ഈ വിഷയങ്ങള്‍ കേന്ദ്ര വ്യോമയാന, വിദേശ മന്ത്രാലയങ്ങളുമായും വിമാന കമ്പനികളുമായും ചര്‍ച്ച ചെയ്ത് ധാരണയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ഈ ക്രമത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥനയും നടത്തും.മുന്‍ഗണനാ വിഭാഗങ്ങളെ വേര്‍തിരിച്ച് യാത്രയ്ക്ക് പരിഗണിച്ചാല്‍ എല്ലാവര്ക്കും തുല്യതയോടെ മിതമായ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുന്ന അവസ്ഥയുണ്ടാകും എന്നാണ് കരുതുന്നത്. ഈ ക്രമത്തില്‍ യാത്ര പ്ലാന്‍ ചെയ്താല്‍ ഒരുമാസത്തിനകം ആവശ്യമുള്ള എല്ലാവര്ക്കും സുഗമമായി യാത്ര ചെയ്യാന്‍ പറ്റുന്ന അവസ്ഥയുണ്ടാകും. സംസ്ഥാനത്തിനു പുറത്തുള്ള വിമാനത്താവളങ്ങള്‍ വഴി എത്തുന്ന പ്രവാസികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.