കേരളത്തിന് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം. തോട്ടം മേഖലയെ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗണിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20ന് ശേഷം തുറന്ന് പ്രവർത്തിക്കാം.
കേരളത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്താണ് തോട്ടം മേഖലയെ പൂർണ്ണമായും ലോക്ക് ഡൗണിൽ നിന്നും കേന്ദ്രം ഒഴിവാക്കിയത്. ഏലം ഉൾപ്പെടെ എല്ല സുഗന്ധ വ്യഞ്ജന തോട്ടങ്ങളും ഇതിൽ ഉൾപ്പെടും. ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ മൈക്രോ ഫിനാൻസ് കമ്പനികൾ കോപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റികൾ എന്നിവയ്ക്കും തിങ്കളാഴ്ച മുതൽ ഇളവ് ലഭിക്കും. ഗ്രാമങ്ങളിലെ ജല വിതരണം, സാനിറ്റേഷൻ, വൈദ്യുതി വിതരണം, ടെലികോം ഒപ്പറ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും അനുമതി നൽകി. തടി അല്ലാത്ത വന ഉൽപ്പാദന വിഭവങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഇറക്കിയ ഉത്തരവിൽ അനുമതി നൽകുന്നുണ്ട്. ഏപ്രിൽ 20 തിങ്കളാഴ്ച മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരുക.