തിരുവനന്തപുരം: കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് 19 കാരണം നിര്‍ത്തിവച്ച ഇമ്മ്യൂണൈസേഷന്‍ അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാത്ത വിധം മുന്‍കരുതലുകള്‍ എടുത്തുവേണം ഇമ്മ്യൂണൈസേഷന്‍ നല്‍കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന് അടുത്ത ബുധനാഴ്ച മുതല്‍ തുടങ്ങും. മറ്റാശുപത്രികളില്‍ ഇമ്മ്യൂണൈസേഷന്‍ എടുക്കുന്ന ദിവസങ്ങളില്‍ തന്നെ ഇതും തുടരുന്നതാണ്.
ഇമ്മ്യൂണൈസേഷന്‍ എടുക്കാന്‍ വൈകിയ കൂടുതല്‍ കുട്ടികളുള്ള സ്ഥലങ്ങളില്‍ ദിവസവും സമയവും കൂട്ടേണ്ടതാണ്.
അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍, ജെപിഎച്ചമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇവരുടെ ലൈന്‍ ലിസ്റ്റെടുത്ത് മുന്‍കൂര്‍ അപ്പോയ്മെന്റ് നല്കി തിരക്ക് കുറയ്ക്കേണ്ടതാണ്. സാമൂഹിക അകലം പാലിച്ച് മാത്രമേ ഇമ്മ്യൂണൈസേഷന്‍ നല്‍കാവൂ. ഒരേ സമയം ആ സ്ഥലത്ത് 5 പേരെ മാത്രമേ അനുവദിക്കാവൂ. ഓരോരുത്തരേയും അകലം 1 മീറ്റര്‍ ഉറപ്പുവരുത്തണം. ഇമ്മ്യൂണൈസേഷന്‍ നല്കുന്ന സ്ഥലം ഒ.പി.യില്‍ നിന്നും കുറച്ച് അകലെയായിരിക്കണം. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യ പ്രവര്‍ത്തകരും മാസ്ക് ഉപയോഗിക്കണം. ഇമ്മ്യൂണൈസേഷന്‍ നല്കുന്ന ആരോഗ്യ പ്രവര്‍ത്തക ത്രീ ലെയര്‍ മാസ്കും ഗ്ലൗസും ഉപയോഗിക്കണം.