കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനായ ബി.ജെ.പി നേതാവ് പിടിയില്‍. പാനൂരില്‍ നിന്നാണ് പത്മരാജനെ പിടികൂടിയത്. പോക്സോ കേസെടുത്ത് ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്.
തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. പാനൂരിനടുത്ത് ഒരു ബി.ജെ.പി കേന്ദ്രത്തിലായിരുന്നു ഇയാള്‍. ഇയാള്‍ സംസ്ഥാനം വിട്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഇന്ന് നടത്തിയ വ്യാപക റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് വിദ്യാര്‍ഥിനിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു.
പ്രതി സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെതിരെ മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണം. കേരള പൊലീസിന് അപമാനമാകുന്ന രീതി ഉണ്ടാകരുതെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നല്കുകയുണ്ടായി. വിവിധ സംഘടനകള്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും അറസ്റ്റ് വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.