രാജ്യത്ത് മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കും.
ജനങ്ങളുടെ ത്യാഗം കൊണ്ട് രാജ്യം കൊറോണയുടെ ദുരിതത്തില്‍ നിന്ന് കരകയറുകയാണ്. ജനങ്ങള്‍ ദുരിതം സഹിച്ചും രാജ്യത്തെ സഹായിച്ചു. ചിലര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടി. ചിലര്‍ക്ക് സഞ്ചാരത്തിന് പ്രശ്നമുണ്ടായി. പക്ഷേ ജനങ്ങള്‍ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കുന്നു. ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അംബേദ്കറുടെ ജന്മദിനത്തില് നമ്മുടെ സാമൂഹിക ശക്തിയുടെ ഈ കാഴ്ച അദ്ദേഹത്തിനുള്ള ജന്മദിന സമ്മാനമാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ ഇന്ന് പുതുവര്‍ഷാഘോഷമാണ്. എന്നിട്ടും ജനങ്ങള്‍ നിര്‍ദേശം പാലിച്ച് വീടിനകത്ത് വളരെ ലളിതമായി ആഘോഷിക്കുന്നുവെന്നും മോദി പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് ബാധയുണ്ടാകുന്നതിന് മുന്‍പ് തന്നെ വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചു. കേവലം 500 രോഗബാധിതരായപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ ലോക് ഡൌണ്‍ ഇന്ത്യയില്‍ നടത്തി. മുന്‍പ് ഇന്ത്യക്കൊപ്പം രോഗബാധയുണ്ടായിരുന്ന രാജ്യങ്ങളില്‍ ഇന്ന് 30 ഇരട്ടി വരെ രോഗബാധിതരുണ്ട്. അവിടെയൊക്കെ മരണനിരക്കും കൂടുതലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.