കൊച്ചി: പ്രശസ്ത മലയാള സംഗീതജ്ഞൻ എം. കെ. അർജുനൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കൊറോണ മൂലം ലോക്കഡൗൺ നിലനിൽക്കുന്നതിനാൽ ബൗദ്ധിക ശരീരം പൊതുദർശനത്തിനായി വെയ്ക്കില്ല
1958 ൽ നാടകമേഖലയിലൂടെയായിരുന്നു എം.കെ. അർജുനൻ എന്ന അർജുനൻ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ൽ പി. ഭാസ്കരന്റെ ‘കറുത്ത പൗർണ്ണമി’യിലൂടെ സിനിമാ പ്രവേശം. വയലാർ രാമ വർമ്മ, ശ്രീകുമാരൻ തമ്പി ഉൾപ്പെടുന്നവരുടെ വരികൾക്ക് അർജുനൻ മാസ്റ്റർ ഈണമിട്ടിട്ടുണ്ട്. ശ്രീകുമാരൻ തമ്പിക്കൊപ്പം 50 ഓളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. ഇത് മലയാള സിനിമയിലെ തന്നെ അപൂർവ കൂട്ടുകെട്ടാണ്. മലയാള സിനിമയിൽ 500ൽ പരം ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടു.
ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ മൂന്നു ഗാനങ്ങൾക്ക് ഈണമിട്ടതിന് 2017 ലെ സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന അർജുനൻ മാസ്റ്റർക്ക് വളരെ വൈകി വന്ന അംഗീകാരമായിരുന്നു സംസ്ഥാന പുരസ്കാരം.