തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ പൂർണ്ണമായി അടച്ചിടാൻ തീരുമാനം. കർശന നടപടികളിലേക്ക് കടക്കണമെന്ന കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് സർക്കാർ രോഗവ്യാപനം ശക്തമായ കാസർകോട് അടച്ചിടാൻ തീരുമാനിച്ചത്. ഇത് കൂടാതെ മൂന്ന് ജില്ലകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു.
കൊറോണ സ്ഥിരീകരിച്ച ജില്ലകളിൽ സ്ഥിതിഗതികൾ ഗുരുതരമായ കണ്ണൂർ, എറണാകുളം, പത്തനംതിട്ട എന്നി ജില്ലകളിൽ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്താനാണ് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു. ഇവിടെ അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് ബാധിത പ്രദേശങ്ങളിലെ ബാറുകൾ അടച്ചിടാനും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
കാസർകോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങൾ വൈകീട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും. കൊവിഡ് ബാധിത ജില്ലകളിൽ പൂർണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സർക്കാര് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേർന്ന ഉന്നത തല യോഗം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.