തൃശൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ മുതൽ ഭക്തർക്ക് പൂർണമായ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ലോകമെമ്പാടും ആശങ്കയിലാഴ്ത്തിയ കോവിഡ് 19 വൈറസിനെതിരെയുള്ള ചെറുത്തു നിൽപ്പിനൊപ്പമാണ് ഈ ക്ഷേത്ര നഗരം. കടകൾ ഒഴിഞ്ഞ് ആളുകൾ ഇല്ലാതെ ഗുരുവായൂർ ക്ഷേത്ര പരിസരവും നിരത്തും ഒഴിഞ്ഞ് കിടക്കുകയാണ്.
ഉദയാസ്തമനപൂജ, വിവാഹം, ചോറൂണ്, വാഹനപൂജ, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും നിർത്തി വെച്ചു. നേരത്തെ ബുക്ക് ചെയ്ത ഇത്തരം ചടങ്ങുകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അനിശ്ചിത കാലത്തേക്കാണ് ക്ഷേത്രം അടച്ചതെങ്കിലും പതിവ് പൂജകൾ നടക്കും. സർക്കാരിന്റെ അറിയിപ്പ് ലഭിച്ചതിന് ശേഷമേ ഇനി ഭക്തരെ പ്രവേശിപ്പിക്കുവെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. ദിവസവും നൂറുകണക്കിന് വിവാഹങ്ങൾ നടന്നിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നാലും അഞ്ചും വിവാഹങ്ങൾ മാത്രമാണ് ചടങ്ങ് മാത്രമാക്കി നടന്നിരുന്നത്.
എല്ലാ ദിവസവും മൂന്നും നാലും ഷിഫ്റ്റുകളിലായി ക്ഷേത്ര മതിൽക്കെട്ടിനകത്തും പുറത്തും സോപ്പ് ലായനിയും വെള്ളവും കൊണ്ട് മെഷീൻ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടായിരുന്നു. കൂടാതെ പൊതുജനങ്ങൾക്ക് വേണ്ടി പൈപ്പും ഹാൻഡ് വാഷും ഗുരുവായൂരിൽ ദേവസ്വം ഏർപ്പെടുത്തിയിരുന്നു. 88 വർഷങ്ങൾക്ക് മുൻപ് 1932ലാണ് ഇതിന് മുൻപ് ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടത്. കെ. കേളപ്പന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ നേരിടാനാണ് അന്ന് ക്ഷേത്രമടച്ചത്.