കുംഭമേളയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അത് അവിടത്തെ സർക്കാർ ശ്രദ്ധിക്കണം എന്നായിരുന്നു മന്ത്രിയുടെ മറുപടി. തുടർന്നുള്ള ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
പ്രതിദിന കേസുകൾ രണ്ടു ലക്ഷം കവിയുമ്പോഴും കുംഭമേളയിൽ എല്ലാം ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നുണ്ട്. അവിടെ മാസ്കില്ല, പ്രോട്ടോകോളുകളും പാലിക്കുന്നില്ല, അതെന്തു കൊണ്ടാണ് എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
ചോദ്യത്തിന് നേരിട്ട് ഉത്തരം പറയാതെ, കേരളത്തിന്റെ കാര്യമാണ് മന്ത്രി വിശദീകരിച്ചത്. ‘ ഈ കോവിഡ് ബാധയുടെ കാര്യത്തിൽ ടെസ്റ്റ് നടത്തുന്നതിലും റിസൽട്ട് വരുന്ന കാര്യത്തിലും നമ്മൾ 26-ാം സ്ഥാനത്തായിരുന്നു’- എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
അതിനിടെ, കോവിഡിൽ മുഖ്യമന്ത്രി പ്രൊട്ടോകോൾ ലംഘിച്ചതായി മുരളീധരൻ ആരോപിച്ചു. പ്രൈമറി കോണ്ടാക്ടുള്ള ഒരാൾ പെരുമാറുന്ന രീതിയലല്ല മുഖ്യമന്ത്രി പെരുമാറിയത്. കാരണവർക്ക് എവിടെയുമാകാം എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണം. നിയമം എല്ലാവർക്കും ബാധകമല്ലേ? – അദ്ദേഹം ചോദിച്ചു.