ഷിജു ആച്ചാണ്ടി
കഴിഞ്ഞ ദിവസം രാത്രി നാട്ടിലൂടെ നടന്നു പോകുമ്പോൾ തുറന്നു കിടന്ന ഒരു ഗേറ്റിൽ കൂടി ഒരു പട്ടി ഇറങ്ങി വന്ന് എന്റെ നേരെ കുരച്ചു ചാടി. ഞാൻ നിന്നു. അങ്ങനെ നിന്നാൽ പട്ടി തിരിഞ്ഞുപോകുമെന്നാണല്ലോ തിയറി. പോയില്ല. കുരയോടു കുര. ഇടയ്ക്കൊരൊ ചാട്ടം വച്ചു തരും. ഞാൻ ഞെട്ടി പിന്നോട്ടു മാറും. ഒടുവിലൊരു ചാട്ടത്തിൽ ഞാൻ മലർന്നടിച്ചു റോഡിൽ വീഴുകയും ചെയ്തു. ഫോൺ തെറിച്ചു പോയി, കാൽ ചെറുതായി പൊട്ടി. വീഴ്ച കഴിഞ്ഞപ്പോൾ വീട്ടുകാർ ഇറങ്ങി വന്നു പട്ടിയെ കൂട്ടിക്കൊണ്ടു പോയി.
അത്രയും നേരം ഗേറ്റിൽ ഈ കാഴ്ച കണ്ടു നിന്ന പട്ടിയുടമയോടു രണ്ടു വാക്കു പറയാമെന്നു കരുതി ചെന്നപ്പോൾ, പുള്ളിയുടെ റെഡിമേഡ് മറുപടി, നിങ്ങൾ എന്റെ പട്ടിയെ ആക്രമിക്കുമെന്നു പട്ടിക്കു തോന്നിക്കാണും, അതുകൊണ്ടാണ് പട്ടി അങ്ങനെ പ്രതികരിച്ചത്.
ശ്ശെടാ, ഇയാളോടൊക്കെ എന്തു പറയും? പുള്ളിയുടെ വീട്ടുമുറ്റത്തല്ല, പെരുവഴിയിലാണു ഞാൻ എന്നോർക്കണം. പട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ എനിക്കെതിരെ കേസ് കൊടുത്തേക്കും എന്നെനിക്കു തോന്നി. സ്വന്തം കുട്ടി എന്തു ചെയ്താലും ന്യായീകരിക്കുന്ന ചില തന്തതള്ളമാരുണ്ട്, സ്വന്തം പട്ടി എന്തു ചെയ്താലും ന്യായീകരിക്കുന്നവരും ഉണ്ട് എന്ന് അന്നു മനസ്സിലായി. മാതൃഭാഷയിൽ ഏതാനും ചില സോറികൾ പറഞ്ഞിട്ടു ഞാൻ സ്ഥലം വിട്ടു.
ഇക്കാര്യത്തിൽ തെരുവുപട്ടികൾ പൊതുവെ ഡീസന്റാണ്. വെറുതെ മെക്കിട്ടു കയറാൻ വരാറില്ല. ന്യായീകരിക്കാൻ യജമാനനില്ല എന്നതുകൊണ്ടല്ല അത്. തെരുവിനു സഹജമായ ഒരു ധാർമ്മികബോധമാണത്. എനിക്കെന്റെ വഴി, നിനക്കു നിന്റെയും എന്ന ഒരു സഹജീവി സമീപനം.
ഏതായാലും, കടിക്കുന്ന പട്ടികളെ വളർത്തുന്നവർ അവയെ കൂട്ടിലിടണം, വീട്ടിൽ ബോർഡു വയ്ക്കണം.
കടിക്കുന്ന പുരോഗമനവാദികളെ വളർത്തുന്നവരും ഇതു തന്നെ ചെയ്യണം. വീടിനു പുറത്തോ സോഷ്യൽ മീഡിയ പോലെ നാട്ടുകാർ കാണുന്നിടത്തോ ബോർഡു വയ്ക്കുക – “പട്ടിയുണ്ട് സൂക്ഷിക്കുക.”