സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഇന്ന് (ഫെബ്രു. 15) 3587 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 12. 30 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും.
ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീന്, അഡ്വ. വി എസ് സുനില്‍കുമാര്‍, പ്രൊഫ. സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ രാജന് എന്നിവര്‍ ചേര്‍ന്ന് പട്ടയങ്ങള്‍ വിതരണം ചെയ്യും.
ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വിഷയാവതരണം നടത്തും. മേയര്‍ എം കെ വര്‍ഗീസ്, എംപിമാര്‍, എം എല്‍ എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ്, മറ്റ് ജനപ്രതിനിധികള്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ ബിജു, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പട്ടയമേളയില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തില്‍ 2606 പട്ടയം, 467 ദേവസ്വം പട്ടയം, 357 വനഭൂമി പട്ടയം, 96 മിച്ചഭൂമി പട്ടയം, 44 പുറമ്പോക്ക് പട്ടയം, 13 സുനാമി പട്ടയം, 3 കോളനി പട്ടയം, 1 ഇനാം പട്ടയം എന്നിവയുടെ വിതരണമാണ് നടക്കുക.
ജില്ലയില്‍ നാലുഘട്ടങ്ങളിലായി 36777 പട്ടയങ്ങളുടെ വിതരണം നടന്നു കഴിഞ്ഞു. അഞ്ചാം ഘട്ടത്തിലെ 3587 പട്ടയങ്ങളുടെ വിതരണം കൂടി ചേര്‍ത്ത് 40364 പട്ടയങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്യുകയെന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.
ജില്ലയിലെ വിവിധയിനം പട്ടയങ്ങളില്‍ നല്കാന് ഏറെ വെല്ലുവിളി നേരിട്ട വനഭൂമി പട്ടയങ്ങള്‍ 2016 മുതല്‍ 2020 വരെ 506 എണ്ണം വിതരണം ചെയ്യാൻ സാധിച്ചു. അഞ്ചാംഘട്ട പട്ടയമേളയില്‍ 357 വനഭൂമി പട്ടയങ്ങള്‍ അടക്കം സര്‍ക്കാര്‍ 863 വനഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആകെ 46 എണ്ണമാണ് വനഭൂമി പട്ടയമായി വിതരണം ചെയ്തതെന്നും വനഭൂമി പട്ടയങ്ങളില്‍ വേഗത്തില്‍ തടസ്സങ്ങള്‍ നീക്കി വിതരണം ചെയ്യാന്‍ സാധിച്ചത് നിലവിലെ സര്‍ക്കാരിന് അഭിമാനാര്‍ഹമായ നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷമായുള്ള കോവിഡ് വ്യാപന പ്രതികൂല സാഹചര്യത്തിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പട്ടയ വിതരണം സമയബന്ധിതമാക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയതായും മന്ത്രി അറിയിച്ചു.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്) പി എ വിഭൂഷണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.