തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിക്കും. തെരഞ്ഞെടുപ്പ് വിജയംലക്ഷ്യമിട്ട് രൂപീകരിക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി ഉമ്മന്‍ ചാണ്ടിയെ കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കെ മുരളീധരന്, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന് എന്നിവരുൾപ്പെടെ പത്തംഗ കമ്മിറ്റിക്കാണ് ഹൈക്കമാൻഡ് രൂപം നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിന് ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യമാണെന്ന ഹൈക്കമാൻഡ് വിലയിരുത്തലിനെ തുടർന്നാണ് അദ്ദേഹത്തിനെ തെരഞ്ഞെടുപ്പ് ചുമതല നൽകിയത്. ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികലും ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എ.കെ ആന്റണിയുടെ മുഴുവൻ സമയ സാന്നിധ്യവും കേരളത്തിലുണ്ടാവും.
തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. അതേസമയം ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നു വ്യക്തമാക്കിയിട്ടില്ല.
സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവർത്തനക്ഷമല്ലാത്ത ഡി.സിസകൾ പിരിച്ചുവിടാനും ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.