കർഷക സമരം പിൻവലിക്കുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച അഞ്ചിന ഫോർമുല തള്ളി കർഷക സംഘടനകൾ. ബിജെപിയുടെ ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും തിങ്കളാഴ്ച ബിജെപി ഓഫീസുകൾ ഉപരോധിക്കാനും തീരുമാനിച്ചു. റിലയൻസ് അടക്കമുള്ള കോർപറേറ്റുകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കും.
കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരം കൂടിയായി മാറും. ജിയോ സിം അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങള്‍ കര്‍ഷകര്‍ ബഹിഷ്കരിക്കും. ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. ഡൽഹി ചലോ മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയും തേടി.
സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം.
കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയൂഷ് ഗോയലും തയാറാക്കിയ അഞ്ചിന അനുരഞ്ജന ഫോർമുല കർഷക സംഘടനകളുടെ സംയുക്ത സമര സമിതിക്ക് അയച്ചത്. കേന്ദ്ര നിർദേശം ഒറ്റക്കെട്ടായി തള്ളിയ സമര സമിതി സമരം ശക്തമാക്കാനാണ് തീരുമാനിച്ചത്.
ഇതിനിടെ സിംഘു സമര വേദിയിൽ അതിശൈത്യത്തെ തുടർന്ന് ഹരിയാനയിൽ നിന്നുള്ള 32കാരൻ മരിച്ചു. സമര വേദിയിൽ മൂന്ന് മരണം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി നിയമം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യെച്ചൂരി, ഡി രാജ എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തിയത്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തെ 25 പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.