കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ കൊൽക്കത്തയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴുപത്തിയാറുകാരനായ അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.
സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ബുധനാഴ്ച വൈകുന്നേരം അധികൃതർ അറിയിച്ചു. ആവർത്തിച്ചുള്ള പരിശോധനയിൽ ഓക്സിജന്റെ അളവും കുറഞ്ഞ പി എച്ച് നിലയും കാണിച്ചു. കുടുംബാംഗങ്ങൾ അനുവാദം നൽകിയതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
2000 മുതൽ 2011 വരെ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി ആയിരുന്ന ഭട്ടാചാര്യ കുറച്ചു കാലമായി ശ്വാസകോശ രോഗങ്ങൾ അലട്ടുന്നുണ്ടായിരുന്നു. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി പൊതുജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
സി പി എം പോളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും 2015ൽ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വത്തിൽ നിന്ന് 2018ൽ സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിൽ എത്തി മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു.