മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലന്‍സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ 10.25ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.
വിജിലൻസ് സംഘം ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല, ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്. സ്ത്രീകള്‍ മാത്രമേ വീട്ടിലുള്ളൂ എന്നതിനാല്‍ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലന്‍സ് സംഘം വീടിനുള്ളില്‍ പ്രവേശിച്ച് പരിശോധന നടത്തിയത്. തുടര്‍ന്ന് വിജിലന്‍സ് സംഘം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
നേരത്തെ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു. വിജിലന്‍സ് അറസ്റ്റ് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തും മുന്‍പേ വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തി.
കരാര്‍ കമ്പനിയായ ആര്‍ഡിഎസിന് എട്ട് കോടി രൂപ മുന്‍കൂര്‍ പണമായി നല്‍കിയത് മന്ത്രിയുടെ അറിവോടെയാണെന്ന് ടി ഒ സൂരജ് മൊഴി നല്‍കിയതോടെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തത്. അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ഗൂഢാലോചനയുമാണ് ഇബ്രാഹിംകുഞ്ഞിനെതിരെ ചുമത്തിയിട്ടുള്ളത്. നിർമാണ കരാറിൽ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ചട്ടവിരുദ്ധമായി ടെൻഡർ നൽകിയതിലും പലിശ കുറച്ച് മുൻകൂറായി വായ്പ അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.