കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വർധിച്ചു വരുന്ന വൃക്കരോഗികളുടെ എണ്ണം. ജീവിത ശൈലിരോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിൽ വരുന്ന അപാകതയാണ് പ്രധാന കാരണം.
നട്ടെല്ലിന്റെ ഇരുവശത്തുമായി പയർമണിയുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ജോഡി അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ ജലാംശത്തിന്റെയും ലവണത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുക, ഭക്ഷണത്തിലൂടെയോ മരുന്നുകളിലൂടെയോ മറ്റ് വിഷാംശങ്ങളിലൂടെയോ ശരീരത്തിൽ എത്തുന്ന മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക, ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്ന എറിത്രോപോയിറ്റിൻ ഉൽപ്പാദിപ്പിക്കുക, രക്തസമ്മർദം നിയന്ത്രിക്കുക, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവകം- Dയെ സജീവമാക്കൽ തുടങ്ങിയവയാണ് വൃക്കയുടെ പ്രവർത്തനങ്ങൾ.
വൃക്കരോഗങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണ്
1. താൽക്കാലിക വൃക്കസ്തംഭനം (അക്യൂട്ട്റീനൽ ഫെയിലിയർ)
ഇത് വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഒന്നാണ്. രക്തത്തിലെ അണുബാധ വിഷബാധ, എലിപ്പനി, അമിതരക്തസ്രാവം, സർപ്പദംശനം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.
2 .സ്ഥായിയായ വൃക്കസ്തംഭനം. (ക്രോണിക് റീനൽ ഫെയിലിയർ)
വളരെ നീണ്ടകാലയളവിനുള്ളിൽ പതുക്കെ പതുക്കെ ഉണ്ടാകുന്ന രോഗാവസ്ഥയാണിത്. ഇതിൽ തന്നെ 50% പ്രമേഹം കൊണ്ടും 20% രക്താതിസമ്മർദ്ദം കൊണ്ടും ഉണ്ടാകുന്നതാണ്. വൃക്കവീക്കം, മൂത്രനാളിയിലുണ്ടാകുന്ന തടസ്സങ്ങൾ, പാരമ്പര്യ രോഗങ്ങൾ, വേദനസംഹാരികളുടെ തുടർച്ചയായ ഉപയോഗം എന്നിവയും സ്ഥായിയായ വൃക്കസ്തംഭനത്തിന്റെ കാരണങ്ങളാണ്.
വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ
വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് രോഗത്തിന്റെ സങ്കീർണത വർധിപ്പിക്കുന്നു. മുഖത്തും കാലുകളിലും കാണപ്പെടുന്ന നീർക്കെട്ടാണ് സാധാരണ ലക്ഷണം. മൂത്രമൊഴിക്കുമ്പോൾ പതയുക, രാത്രിയിൽ കൂടുതൽ മൂത്രമൊഴിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, രക്തം കാണപ്പെടുക, ക്ഷീണം, വിശപ്പില്ലായ്മ, ഛർദ്ദി, ഓക്കാനം, ശ്വാസംമുട്ടൽ, ചൊറിച്ചിൽ ശരീരമാസകലം നീര് വെക്കുക തുടങ്ങിയവ പല അവസ്ഥകളിലായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്.
രക്തത്തിലെ ക്രിയാറ്റിൻ, യൂറിയ എന്നിവയുടെ അളവ്, മൂത്രത്തിൽ പ്രോട്ടീൻ, ചുവന്ന രക്താണുക്കൾ എന്നിവയുടെ സാന്നിധ്യം, രക്തത്തിലെ ലവണങ്ങളുടെ അളവിലുണ്ടാകുന്ന വ്യത്യാസം എന്നിവ വൃക്കരോഗങ്ങൾ തിരിച്ചറിയാനുള്ള പ്രാഥമിക പരിശോധനകളാണ്.
പാരമ്പര്യമായി വൃക്കരോഗം ഉള്ളവരാണെങ്കിൽ വരാതിരിക്കാൻ കൂടുതൽ ശ്രദ്ധ വേണം. പ്രമേഹമോ, രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ മരുന്നു കഴിച്ച് നിയന്ത്രണ വിധേയമാക്കുക. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഭക്ഷണത്തിൽ നാരുകളടങ്ങിയ പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ ഉൾപ്പെടുത്തുക. ഒരു ദിവസം ഒന്നര – രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കുക, വ്യായാമം ശീലമാക്കുക, ശരീരത്തിൽ കൊഴുപ്പിന്റെ അംശം നിയന്ത്രിക്കുക, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറക്കുക, വേദന സംഹാരികളുടെ അമിതോപയോഗം ഒഴിവാക്കുക എന്നിവയിലൂടെ വൃക്കരോഗങ്ങളെ തടയാനും സങ്കീർണതകളെ ഇല്ലാതാക്കാനും കഴിയും.
വൃക്കരോഗം അവസാനഘട്ടത്തിലാണെങ്കിൽ ഡയാലിസിസിനെ കുറിച്ചോ വൃക്ക മാറ്റിവെക്കലിനെ കുറിച്ചോ ആലോചിക്കാവുന്നതാണ്.