കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി. വിപണിയില്‍ സവാള വില ഉയര്‍ന്നു നിൽക്കേ 16 ലക്ഷം രൂപയുടെ സവാളയാണ് അപ്രത്യക്ഷമായിരിക്കുന്നത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കയറ്റിവിട്ട സവാളയുമായി കഴിഞ്ഞ ബുധനാഴ്ച ലോറി കൊച്ചിയിൽ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി എത്തിയില്ല. മഹാരാഷ്ട്രയില്‍ ബന്ധപ്പെട്ടപ്പോള്‍ ലോറിയുടെ ദൃശ്യങ്ങളും ഡ്രൈവറുടെ ഫോണ്‍ നമ്പറുമെല്ലാം അയച്ചു കൊടുത്തു. എന്നാൽ, ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഫോൺ എടുത്തില്ല.
കളമശ്ശേരിയിലെ ഏജന്‍സി ഓഫീസില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണുണ്ടായില്ല. വിപണിയില്‍ 65 രൂപയ്ക്കു മുകളിലാണ് സവാള വില. ലോറിയിലുള്ള 25 ടണ്‍ സവാളയുടെ വില 16 ലക്ഷം രൂപയെങ്കിലും വരും. ചരക്ക് അപ്രത്യക്ഷമായതോടെ മൊത്തക്കച്ചവടക്കാരനായ അലി മുഹമ്മദ് സിയാദ് തന്നെ സവാളയുടെ വില നല്‍കേണ്ടി വരുമെന്ന് വിതരണക്കാര്‍ അറിയിച്ചു കഴിഞ്ഞു.
ലോറി കണ്ടെത്താനായില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക. വിതരണക്കാര്‍ അയച്ചു കൊടുത്ത ദൃശ്യങ്ങളും വിവരങ്ങളുമടക്കം പൊലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.