കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമായി മാറിയതോടെ ഇപ്പോഴാണ് കേരളം ശരിക്കും നമ്പർ വൺ ആയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് കെ.സുരേന്ദ്രൻ ഇങ്ങനെ ചോദിച്ചത്. ഗുരുതര പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും കോവിഡ് രോഗിക്ക് തലയിൽ മുണ്ടിട്ട് ചികിത്സയ്ക്ക് വരേണ്ട അവസ്ഥയുണ്ടാക്കിയതോടെ പിണറായി വിജയന് സമാധാനമായില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
കോവിഡ് രോഗിയോട് തലയിൽ മുണ്ടിട്ട് വരാൻ പറഞ്ഞിരിക്കുകയാണ് ഇടുക്കിയിലെ ആരോഗ്യപ്രവർത്തകർ. ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ് ഇത് കാണിക്കുന്നത്. ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരും കൈമലർത്തുകയാണ്. ഇവിടെ ഒരു സംവിധാനവുമില്ലെന്നും കോവിഡ് രോഗികളെ കൊണ്ടുപോവാൻ ആളില്ലെന്നും യഥാർത്ഥത്തിൽ തലയിൽ മുണ്ടിട്ടിരിക്കുന്നത് സർക്കാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ അള്ളിപ്പിടിച്ച് ഇരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിൽ അറിയാത്ത ഒരാൾ മുഖ്യമന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്നും സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്നും സുരേന്നോദ്രൻ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി കത്തിലൂടെ പറഞ്ഞത് ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്നായിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. കേന്ദ്ര ഏജൻസി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് പറയുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ നിങ്ങൾ തന്നെയല്ലേ കേന്ദ്ര ഏജൻസിയെ ക്ഷണിച്ചു വരുത്തിയതെന്ന് ചോദിച്ച സുരേന്ദ്രൻ രണ്ടുമാസം കൊണ്ട് സർക്കാരിന്റെ നിലപാട് മാറിയോ എന്നും അന്വേഷിച്ചു.
വോട്ട്ബാങ്ക് രാഷ്ട്രീയം മുൻനിർത്തിയാണെന്ന് ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലർ നിയമനമെന്നും അദ്ദേഹം ആരോപിച്ചു. ശ്രീനാരായണ ദർശനത്തെക്കുറിച്ചോ കൃതികളെക്കുറിച്ചോ ഒരു ധാരണയുമില്ലാത്തയാളെയാണ് സർക്കാർ വൈസ് ചാൻസിലർ ആക്കിയത്. കേരളത്തിലെ സർവകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാർക്കായി റിസർവ് ചെയ്യുകയാണെന്ന് ആരോപിച്ച സുരേന്ദ്രൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സ്ഥാനം ചില പ്രത്യേക താത്പര്യത്തിനായി മാറ്റിവെക്കാറുള്ള സർക്കാർ ശ്രീനാരായണ സർവ്വകലാശാലയിലും ജാതി-മത താൽപര്യം നടപ്പാക്കുകയാണെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.