‘കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടി. ഇനി ദൃശ്യം 2 യാത്രയ്ക്ക് തുടക്കം. ഐ.ജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഞാൻ. കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന്. നിങ്ങളുടെ പിന്തുണയും പ്രാർഥനയും വേണം’– ആശ ശരത് കുറിച്ചു.
കോവിഡ് സാഹചര്യത്തിൽ വലിയ നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ ഭാഗമായ എല്ലാവര്ക്കും കോവിഡ് ടെസ്റ്റ് നടത്തി. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ സെറ്റിലേക്ക് പ്രവേശിപ്പിക്കൂ. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.
ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. ആദ്യ 10 ദിവസം ചിത്രീകരിക്കുന്നത് ഇന്‍ഡോര്‍ രംഗങ്ങളാണ്. സെപ്തംബര്‍ 26ന് മോഹന്‍ലാല്‍ ഷൂട്ടിംഗിനൊപ്പം ചേരും.
വലിയൊരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം 2. ആദ്യഭാഗത്തില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും താരനിരയില്‍ വരുത്തിയിട്ടില്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, തുടങ്ങിയവരും ദൃശ്യം 2 വിലുണ്ട്. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.