ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രചെയ്യുന്നവർ കൊവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ. നെഗറ്റീവ് ഫലം ലഭിച്ചവർ 96 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ എത്തണമെന്നും എയർ ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.
എയർ ഇന്ത്യയുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇനി മുതൽ
കൊവിഡ് പരിശോധനാ ഫലത്തിന്റെ ഫോട്ടോകോപ്പികളും കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പ്യൂവർ ഹെൽത്ത്, മൈക്രോ ഹെൽത്ത് എന്നിവയുടെ അംഗീകൃത ലാബുകളിൽ നിന്നുള്ള കൊവിഡ് പരിശോധന ഫലമാണ് ഹാജരാക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ, ലാബിന്റെ ഒറിജിനൽ ലെറ്റർഹെഡിൽ സീലും ഒപ്പും വെച്ചിരിക്കണം. ഇതിൽ പരിശോധന ഫലം ഇംഗ്ലീഷിൽ ടൈപ് ചെയ്ത രീതിയിലാണ് സമർപ്പിക്കേണ്ടത്. നെഗറ്റീവ് ഫലം ലഭിച്ചവർ 96 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ എത്തണമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം. ട്രൂനാറ്റ്, സി.ബി നാറ്റ് എന്നീ പരിശോധന ഫലങ്ങൾ സ്വീകരിക്കില്ല. യാത്രക്കാർ നാലുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിലെ വിമാനത്താവളങ്ങളിൽ എത്തുന്നതിന് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന ഫലം നിർബന്ധമാണ്.