മന്ത്രി കെ.ടി ജലീൽ കൊച്ചിയിലെ എന്‍.ഐ ഓഫീസില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ആറരയോടെയാണ് മന്ത്രി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേരളത്തിലേക്ക് ഖുറാന് എത്തിച്ചതും യു.എ.ഇ കോണ്‍സുല്‍ അധികൃതരുമായുള്ള മന്ത്രിയുടെ ബന്ധവും എന്‍.ഐ.എ ചോദിച്ചറിയും.
എന്‍.ഐ.എ ചോദ്യം ചെയ്യുന്നതില്‍ ആര്‍ക്കും വേവലാതി വേണ്ടെന്ന് കെ.ടി ജലീല്‍ പറഞ്ഞു. കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്നും മന്ത്രിയുടെ വാട്സപ് സന്ദേശത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷം ആരോപണം അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കുന്നു.
മന്ത്രിയെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ഇന്നലെ രാത്രിയാണ് മന്ത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. എസ്കോട്ടില്ലാതെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. എന്നാല്‍ ഇന്ന് രാവിലെ എന്‍.ഐ.എ ഓഫീസിലെത്തിയത് സി.പി.എം മുന്‍ എം.എല്‍.എ എ.എം യുസൂഫിന്റെ കാറിലാണ്.
ജലീല്‍ എന്‍.ഐ.എക്ക് മുന്പില് ഹാജരായത് സ്വാഭാവിക നടപടിയായി മാത്രമേ കണക്കാക്കാനാകൂ എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു. അന്വേഷണത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് പ്രശ്നം. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റും എത്തിച്ച സംഭവത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തി കെ.ടി ജലീലിനെ ചോദ്യം ചെയ്തത്. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ചോദിച്ചത്.