ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഉപനായകൻ രോഹിത് ശർമ്മക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ. രോഹിതിനൊപ്പം ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് താരം മാണിക ബത്ര, പാരാലിമ്പ്യൻ എം തങ്കവേലു എന്നിവർക്കും രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരത്തിന് ശുപാർശ ലഭിച്ചു.
ഇത് രണ്ടാം തവണയാണ് നാല് താരങ്ങളെ പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നത്. മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, മുൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ് എന്നിവർ ഉൾപ്പെട്ട കമ്മറ്റിയാണ് താരങ്ങളെ നിർണയിച്ചത്. 2016ൽ മലയാളി ബാഡ്മിൻ്റൺ താരം പിവി സിന്ധു, ജിമ്നാസ്റ്റ് ദീപ കർമാക്കർ, ഷൂട്ടർ ജിതു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവർ ശുപാർശ ചെയ്യപ്പെട്ടിരുന്നു. ഇവർക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തു.
ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, കഴിഞ്ഞ ദിവസം വിരമിച്ച മുൻ ക്യാപ്റ്റൻ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റൻ വിരാട് കോലി എന്നിവർക്കാണ് ക്രിക്കറ്റ് താരങ്ങളിൽ ഖേൽ രത്ന ലഭിച്ചിട്ടുള്ളത്. സച്ചിന് 1998ലും ധോണിക്ക് 2007ലും കോലിക്ക് 2018ലുമാണ് പുരസ്കാരം ലഭിച്ചത്.
2019ലെ പ്രകടനമികവിൻ്റെ അടിസ്ഥാനത്തിലാണ് രോഹിതിന് നാമനിർദ്ദേശം ലഭിച്ചത്. കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഏകദിന റൺസുകൾ രോഹിതാണ് നേടിയത്, 1490 റൺസ്. 2019ൽ ഏഴ് സെഞ്ചുറികളും അദ്ദേഹം നേടി. അതും റെക്കോർഡാണ്.
2018 കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും നേടിയ സ്വർണ മെഡൽ, 2019 ഏഷ്യൻ ഗുസ്തി ചാമ്പ്യൻസിപ്പിലെ വെങ്കല മെഡൽ എന്നിവകളുടെ അടിസ്ഥാനത്തിലാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ നാമനിർദ്ദേശം ചെയ്തത്. 2016 റിയോ പാരാലിമ്പിക്സിൽ നേടിയ സ്വർണമാണ് തങ്കവേലുവിനെ നാമനിർദ്ദേശം ചെയ്യാൻ കാരണമായത്. 2018ലെ ഗംഭീര പ്രകടനമാണ് മാണിക ബത്രക്ക് ഗുണമായത്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ബത്ര ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ പുരസ്കാര ദാനം വെർച്വലായാണ് നടക്കുക. 29നാണ് പുരസ്കാരദാനം.