തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം അറിയാതെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിപ്ലോമാറ്റിക് കാർഗോ യു എ ഇ കോൺസുലേറ്റിന് വിട്ടു നൽകി. യു എ ഇ യിൽ നിന്ന് മാർച്ച് 23നാണ് വല്ലാർപാടത്ത് കാർഗോ എത്തിയത്. കോൺസുലേറ്റ് ഇത് പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തില്ല.
എന്നാൽപ്രോട്ടോക്കോൾ ഓഫിസറുടെ സാക്ഷ്യപ്പെടുത്തലില്ലാതെ കാർഗോ കസ്റ്റംസ് വിട്ടു നൽകുകയായിരുന്നു. പിന്നീട് സ്വർണക്കടത്ത് വിവാദം ഉയർന്ന ശേഷമാണ് ഇക്കാര്യം സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് അവർ ഇക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസമാണ് നയതന്ത്ര ബാഗേജുകൾ വിട്ടു നൽകാൻ വേണ്ടിയുള്ള അനുമതി പത്രങ്ങളുടെ വിശദാംശങ്ങൾ തേടി എൻഐഎയും കസ്റ്റംസും സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിച്ചത്.
രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും യുഎഇ കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ നിലപാട്. അനുമതി ഇല്ലാതെ ബാഗേജുകൾ വിട്ടു നൽകിയിട്ടുണ്ടെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഒപ്പം കസ്റ്റംസിന്റെ നടപടികളിൽ ദുരൂഹതയും വർധിക്കുന്നു.