വാഷിങ്ടൺ: ടിക് ടോക്കും വി ചാറ്റും അമേരിക്കയിൽ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 45 ദിവസത്തിനുള്ളിൽ ചൈനീസ് കമ്പനികൾ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ അമേരിക്കയിൽ ഈ ആപ്പുകൾ നിരോധിക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഉത്തരവിറക്കി. എന്നാൽ, കൈമാറ്റത്തിന്റെ നിശ്ചിത തുക യുഎസ് ട്രഷറി ഡിപ്പാർട്മെന്റിന് നൽകണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന ട്രംപ്, ഈ തുകയെ കുറിച്ച് ഉത്തരവിൽ പറയുന്നില്ല.
ടിക്ടോക് വ്യക്തിവിവരങ്ങൾ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ലൊക്കേഷൻ വിവരങ്ങളും ബ്രൗസിങ് ഹിസ്റ്ററിയുമെല്ലാം ഇത്തരത്തിൽ കൈയടക്കുന്നത് വൻ ഭീഷണി ഉയർത്തുന്നു. അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭ്യമാക്കുന്നത് വലിയ ഭീഷണി ഉയർത്തുന്നു. ജീവനക്കാരുടെയും വ്യക്തിവിവരങ്ങൾ ശേഖരിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ചാരവൃത്തിക്ക് ഉപയോഗിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ടിക്ടോക്കിന് പിന്നാലെ ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ ഉടമസ്ഥതയിലുള്ള വീചാറ്റിനെതിരെയും അമേരിക്കൻ പ്രസിഡന്റ് സമാനമായ ഉത്തരവിറക്കി. വീചാറ്റ് ഉപയോക്താക്കൾക്ക് പരസ്പരം പണം കൈമാറാനുള്ള സൗകര്യം ആപ്പ് ഒരുക്കുന്നുണ്ട്. ഇത് നിരോധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിൽ പണവും മറ്റ് വസ്തുവകകള് കൈമാറുന്നത് അമേരിക്കയുടെ നിയമപരധിയിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു.
ഇന്ത്യയിൽ നിരോധനം തുടരുന്നതിനിടയിൽ അമേരിക്ക കൂടി കൈവിട്ടാൽ വൻ തിരിച്ചടിയാകും ടിക് ടോക്കിന് നേരിടേണ്ടി വരിക. 80 ദശലക്ഷത്തിലധികം പേരാണ് അമേരിക്കയിൽ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അമേരിക്കയിൽ തുടരേണ്ടത് കമ്പനിക്ക് ആവശ്യവുമാണ്. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ ബൈറ്റ് ഡാൻസ് വഴങ്ങുമോ എന്നാണ് ഇനി കാണേണ്ടത്.
ടിക് ടോക്ക് മൈക്രോസോഫ്റ്റ് വാങ്ങിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോർട്ടു കൂടി വരുന്നത്. ഇന്ത്യ ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ അമേരിക്കയിലും ആപ്പ് നിരോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റുമായി ടിക് ടോക്ക് ചർച്ച നടത്തിയതെന്നായിരുന്നു വാർത്തകൾ.ടിക് ടോക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യമാണ് അമേരിക്ക.
അതേസമയം, നിരോധനം മറികടക്കാൻ അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം വിൽക്കുന്നതിൽ ബൈറ്റ് ഡാൻസിനെതിരെ ചൈനയിൽ പ്രതിഷേധം ഉയരുന്നുണ്ട്. അമേരിക്കൻ ഭരണകൂടത്തോട് ബൈറ്റ് ഡാൻസ് കാണിക്കുന്ന വിധേയത്വമാണ് ചൈനീസ് ജനതയെ രോഷാകുലരാക്കിയത്. രാജ്യദ്രോഹിയെന്നും അമേരിക്കയോടെ മാപ്പ് പറയുന്ന ഭീരു എന്നുമുള്ള വിളികളാണ് ചൈനീസ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ബൈറ്റ് ഡാൻസ് സ്ഥാപകനും സിഇഒയുമായ ഷാങ് യിമിങ് ചൈനയിൽ നേരിടുന്നത്.