സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ക്ലസ്റ്റര്‍ കെയര്‍ ആവിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ 174 ക്ലസ്റ്ററുകളാണ് കണ്ടെത്തി നിയന്ത്രണ നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ 32 ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തടഞ്ഞ് പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. 34 ക്ലസ്റ്ററുകളില്‍ ഇപ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണ്. 57 ഇടത്ത് വ്യാപനതോത് കുറയുന്നുണ്ട്. 51 ഇടത്ത് തല്‍സ്ഥിതി തന്നെ കുറേ ദിവസമായി തുടരുകയാണ്. കൊവിഡ് ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വന്‍തോതില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ലസ്റ്റര്‍ ആയി തിരിക്കുന്നത്. ഉറവിടമറിയാത്ത ഒരു കേസെങ്കിലും ഉണ്ടാവുകയോ ആ പ്രദേശത്ത് രണ്ടില്‍ കൂടുതല്‍ കേസുകള്‍ പരസ്പര ബന്ധമില്ലാതാവുകയോ ചെയ്താല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ക്ലസ്റ്ററിന്റെ കോണ്ടാക്ട് ട്രെയിസിംഗ് തുടങ്ങുന്നത്.
കൊവിഡ് രോഗബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ സമൂഹവ്യാപനത്തിലേക്ക് പോകാം. ഒരു പ്രദേശത്തെ ക്ലസ്റ്റര്‍ ആക്കിയാല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) സജ്ജമാക്കുക എന്നതാണ് ആദ്യ നടപടി. കണ്ട്രോള് റൂമിന്റെ നേതൃത്വത്തിലായിരിക്കും ക്ലസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ആ പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണായി തിരിക്കുന്നു. അവിടെ ലോക്ക്ഡൗണ്‍ ആക്കി ജനങ്ങളുടെ ഇടപെടലുകള്‍ പരമാവധി കുറച്ച് ക്വാറന്റീനിലാക്കുന്നു.
ക്ലസ്റ്ററില്‍ ഏറ്റവും പ്രധാനമാണ് കോണ്ടാക്ട് ട്രെയിസിംഗ്, ടെസ്റ്റിംഗ്, ഐസൊലേഷന്‍ എന്നിവയടങ്ങിയ ക്ലസ്റ്റര്‍ രൂപരേഖ. ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുള്ളവരെ കണ്ടെത്തി ആ പ്രദേശത്ത് പരിശോധനകള്‍ നടത്തുന്നു. പോസിറ്റീവായവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവായവരെ ക്വാറന്റീനിലാക്കും. തീരദേശ മേഖലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനാല്‍ ഈ മേഖലയ്ക്ക് പ്രത്യേക ക്ലസ്റ്റര്‍ നിയന്ത്രണ രൂപരേഖ തയാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ക്ലസ്റ്ററുകളടങ്ങിയ പ്രദേശത്തെ പ്രത്യേക സോണായി തിരിച്ചാണ് നിയന്ത്രണം നടപ്പാക്കുന്നത്.
മലയോര മേഖലയില്‍, പ്രത്യേകിച്ച് ആദിവാസി ജനസമൂഹത്തിനിടയില്‍ കൊവിഡ് എത്തിച്ചേരാതെ നോക്കേണ്ടതുണ്ട്. ട്രൈബല്‍ മേഖലയ്ക്കു വേണ്ടി പ്രത്യേക കൊവിഡ് നിയന്ത്രണ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇതേപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലെ കോളനികളിലും ഫ്ളാറ്റുകളിലും കൊവിഡ് പടരാതിരിക്കാന്‍ പുറത്തുനിന്ന് ആളുകള്‍ കടന്നു ചെല്ലാതിരിക്കണം.
ക്ലസ്റ്റര്‍ പ്രദേശത്തുള്ളവര്‍ എല്ലാവരും എപ്പോഴും മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം. മാസ്കില്ലാതെ സംസാരിക്കാനോ, ചുമയ്ക്കാനോ, തുമ്മാനോ പാടില്ല. ഈ മേഖലയിലുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കണ്ട്രോള് റൂമില്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.