റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ത്യൻ വ്യോമമേഖലയിലെത്തി. സമുദ്ര അതിര്‍ത്തിയില്‍ നാവികസേന വിമാനങ്ങളെ സ്വാഗതം ചെയ്തു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തും. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നും പുറപ്പെട്ട റാഫേൽ യുഎഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
അതിനിടെ റഫാലിൽ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്റെ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു. ഇന്ത്യൻ പ്രതിരോധ മേഖലയിൽ നാഴികകല്ലാകുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്റെ 10 സെറ്റുകളാണ് ദസോ ഏവിയേഷൻ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്.
ഇതിൽ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാൻസിൽ തന്നെയാണുള്ളത്. ബാക്കി 5 എണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്. 7000 കിലോമീറ്റർ താണ്ടി ഇന്ത്യയിലെത്തുന്ന റാഫേൽ ഇന്ധനം നിറക്കാനും പൈലറ്റുമാരുടെ സമ്മർദ്ദം കുറക്കാനുമായി യുഎഇയിലെ അൽ ദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചിരുന്നു. 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലെ കമാൻഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേർന്നാണ് വിമാനം എത്തിക്കുന്നത്.