തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് അന്വേഷിക്കുന്ന കേസിലെ ഉദ്യോഗസ്ഥന് കോവിഡ്. ഇതോടെ സി.ഐ ഉൾപ്പെടെ സമ്പർക്കത്തിലുള്ള മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ പോകും.
മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കൊമേഴ്സ് ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് നേരത്തെ വ്യാജമാണെന്ന് തെളിഞ്ഞത്. ഇതിനെതിരെ അഡ്വക്കറ്റ് സുഭാഷ് എം. തീക്കാടൻ വഞ്ചിയൂർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ വിവരങ്ങൾ തേടി ഡോ. ബാബാസാഹേബ് അംബേദ്ക്കർ യൂണിവേഴ്സിറ്റിക്ക് പൊലീസ് കത്തയക്കുകയും ചെയ്തിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ പ്രവേശിച്ചു എന്നാണ് പരാതി. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കർ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് 2011 ൽ കൊമേഴ്സിൽ ബിരുദം നേടിയ സർട്ടിഫിക്കറ്റുപയോഗിച്ചാണ് സ്വപ്ന നിയമനം നേടിയത്. ഇത് വ്യാജമെന്ന് സർവകലാശാല തന്നെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റും നിര്‍മിച്ചതായി പുറത്തുവന്നിരുന്നു.