ദേവദാസ് കടയ്ക്കവട്ടം
ജൂലായ് 15, 2015 ഐക്യരാഷ്ട്രസംഘടന ഇന്നേ ദിവസം ലോക തൊഴിൽ നൈപുണി ദിനമായി ആചരിക്കുന്നു.
ഒരു രാജ്യം നാളെ എന്തായിത്തീരണം എന്ന് തീരുമാനിക്കുന്നത് അവിടത്തെ യുവതയാണ്. ലോകമെമ്പാടുമുള്ള യുവജനങ്ങളെ തൊഴിൽ നൈപുണി നേടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് എല്ലാ വർഷവും ജൂലായ് 15 ലോക യുവജന നൈപുണി ദിനമായി ആചരിക്കുന്നത്.
വാണിജ്യവും വ്യവസായവുമെല്ലാം അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതുലോകത്തിൽ നിന്ന് പുറന്തള്ളപ്പെടാതിരിക്കുന്നതിന് നൈപുണ്യവും നൈപുണ്യവികസനവും അധിക വൈദഗ്ദ്ധ്യവും അത്യന്താപേക്ഷിതമാണ്.
മാറുന്ന സമൂഹത്തിൽ ഉയർന്ന ഡിഗ്രികൾ ഉള്ളവർ പോലും പ്രയോഗതലത്തിൽ പരാജയപ്പെട്ടു പോകുന്ന കാഴ്ച നമ്മൾ കാണാറുണ്ട്. ഒരു രാജ്യത്തെ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തി ആ രാജ്യത്തെ ഔന്നത്യങ്ങളിലെത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും കർത്തവ്യബോധവും അവിടത്തെ യുവജനങ്ങൾക്കുണ്ടാവണം. എങ്കിൽ മാത്രമേ ആ യുവത രാഷ്ട്ര സമ്പത്ത് ആയി ഗണിക്കാനാവൂ. അല്ലാത്ത പക്ഷം അവർ നാടിന് ഒരു ബാധ്യത മാത്രമായിത്തീരും. ആധുനിക തൊഴിൽ സാഹചര്യങ്ങളിലെ മാറ്റങ്ങളെ ശരിയായ വിധത്തിൽ ഉൾക്കൊണ്ട് അവയ്ക്കനുസൃതമായി തൊഴിൽ നൈപുണി വികസിപ്പിച്ചാൽ മാത്രമേ വികസിത രാഷ്ട്രം എന്ന ലക്ഷ്യം കൈവരിക്കാനാവൂ. എല്ലാ മേഖലയിലും കിടമത്സരം നേരിടുന്ന നവീന സാഹചര്യത്തിൽ ഈ നൈപുണ്യ ദിനം ലോക യുവജനങ്ങൾക്ക് പുതു വെളിച്ചം നൽകട്ടെ എന്ന് ആശംസിക്കുന്നു.