റെൻസ് തോമസ്
2002 നാറ്റ് വെസ്റ്റ് ടൂർണമെന്റിൽ ഐതിഹാസിക വിജയം നേടിയ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വരെയുള്ള ജൈത്രയാത്രക്ക് തുടക്കമായത് ഒരു ജൂലൈ 13 ആയിരുന്നു. അതെ 18 വർഷങ്ങൾ പിന്നിടുമ്പോൾ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതു ഇന്ത്യക്കാരനും ഈ ദിനം മറക്കാൻ കഴിയില്ല.
ശ്രീലങ്കയെ പിന്നിലാക്കി ഇന്ത്യയും ഇംഗ്ളണ്ടും ഫൈനലിൽ എത്തിയ നാറ്റ് വെസ്റ്റ് ടൂർണമെന്റിൽ, സ്വന്തം നാട്ടിൽ കൂറ്റൻ സ്കോറായ 325 റൺസ് പടുത്തുയർത്തിയ ഇംഗ്ളണ്ട് മാത്രമല്ല, ക്രിക്കറ്റ് ലോകവും വിജയം വിധി എഴുതിയിരുന്നു.
ഇംഗ്ളണ്ട് താരങ്ങളായ ട്രെസ്സ്കൊത്തിക്കിൻെറയും നാസർ ഹുസൈൻെറയും സെഞ്ചുറികൾ നഷ്ടപ്രതാപം ഏറ്റെടുത്ത ക്രിക്കറ്റിന്റ തലതൊട്ടപ്പന്മാർക്കു എക്കാലത്തും ആശ്വസിക്കാവുന്ന ബാറ്റിംഗ് വെടിക്കെട്ട് ആയിരുന്നു.
പക്ഷെ, സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ കടുവകൾ ഉണർന്നാൽ ഏതു അസാധ്യവിജയവും ചെയ്സ് ചെയ്തു കീഴടക്കാൻ ഇന്ത്യക്കാവും എന്ന് ക്രിക്കറ്റ് ലോകം അറിഞ്ഞു. സൗരവ് ഗാംഗുലിയും സേവാഗും ആദ്യത്തെ 10- 20 ഓവറുകൾ വെടികെട്ടു ബാറ്റിംഗ് നടത്തിയെങ്കിലും പിന്നിടുള്ള 10 ഓവറുകളിൽ ഇന്ത്യ നേടിയത് 47 റൺസും നഷ്ടമായത് 5 വിക്കറ്റും.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ കൂടി പുറത്തായപ്പോൾ പരാജയം മണത്ത ഇന്ത്യ, കൈ നഖം കടിച്ചു പിടിച്ചു ടെൻഷൻ അടിച്ചിരുക്കുന്ന ക്യാപ്റ്റൻ സൗരവ്. സച്ചിൻ പുറത്തായാൽ ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെന്ന മുൻവിധിയെ പഴിച്ചു TV ഓഫ് ചെയ്ത ലക്ഷകണക്കിന് ക്രിക്കറ്റ് ആരാധകർ. വിജയം ഉറപ്പായിയെന്ന മട്ടിൽ പുഞ്ചിരി തൂകിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ അടക്കമുള്ള താരങ്ങൾ.
തകർന്ന തറവാടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന യുവരാജ് സിങ്ങും മുഹമ്മദ് കൈഫും, രണ്ടു ചെറുപ്പം പിള്ളേർ. താരത്യമെനെ മത്സരം പരിചയം കുറഞ്ഞ ഈ രണ്ടു പയ്യൻസ് വിചാരിച്ചാൽ എന്തു നടക്കാൻ എന്ന ഭാവത്തോടെ കമന്ററിബോക്സിലെ മുൻക്രിക്കറ്റ് താരങ്ങളും.
പക്ഷെ ദാദ എന്ന ഉശിരൻ പോരാളിയെ കണ്ടു വളർന്ന ചുണകുട്ടികൾ സായിപ്പിനെ കണ്ടു കവാത്തു മറക്കുന്നവരല്ല എന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു. യുവസിംഹങ്ങളെ പോലെ കടുവകൂട്ടിലെ കൊച്ചു കടുവകൾ വർദ്ധിത വീര്യം പുറത്തെടുത്തപ്പോൾ സായിപ്പിന്റെ മുട്ടിടിച്ചു.
ഇരുവരുടെയും കൂട്ടകെട്ടു വിജയംതീരം അണയുമെന്നു പ്രതീക്ഷിച്ച ആരാധകർ, യുവരാജ് ഔട്ട് ആയപ്പോൾ നെറ്റി ചുളിച്ചു. ആകാംക്ഷയുടെ മുൾപ്പടറപ്പിൽ പെട്ടു ഞെരുങ്ങി പൊരുതി തോൽക്കാനാണ് സാധ്യത എന്ന് വീണ്ടും വിധിയെഴുതി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. യുവരാജ് പുറത്താകുമ്പോൾ ഇന്ത്യക്കു 59 റൺസ് കൂടി വേണം അതും 50 പന്തിൽ. എട്ടാമനായി ഇറങ്ങുന്നത് പയ്യനായ ഹർഭജൻ സിങ്ങും പിന്നെ ബാറ്റുചെയ്യാനായി തയാറായി ബൗളെർമാരായ കുംബ്ലെയും, ശ്രീനാഥും, നെഹ്റയും.
എന്നാൽ ഏതു സമ്മർദത്തെയും അതിജീവിക്കുവാൻ കെല്പുള്ള കപ്പിത്താനാണ് താനെന്നു മുഹമ്മദ് കൈഫ് ലോകത്തിനു കാണിച്ചു കൊടുത്തു.
326 റൺസ് ചെയ്സ് ചെയ്ത് വാലറ്റതിനൊപ്പം വിജയം കൈപിടിയി ലൊതിക്കിയ സൗരവ് ഗാംഗുലിയുടെ ചുണ്ണകുട്ടി. ഇതു കണ്ട ദാദ തന്റെ ബനിയൻ വലിച്ചൂരി മുകളിലേക്ക് ചുഴുറ്റി, ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്ത്യൻ ഡ്രെസ്സിങ്ങ് റൂം ബാൽക്കണി അങ്ങനെ ഇന്ത്യൻ ആരാധകർക്ക് ഒരു ആവേശ ദൃശ്യ വിസ്മയമാണ് സമ്മാനിച്ചത്. വിജയ തീരത്തേക്ക് ഇന്ത്യയെ കരകയറ്റിയ തന്റെ ധീര യോദ്ധാവിനെ അഭിനന്ദിക്കാൻ ഒരു കൊച്ചു പയ്യനെ പോലെ ഓടിയ ഗാംഗുലി ഇന്നും ഇന്ത്യക്കാർക് ധീര നായകനാണു. ശാന്തതയുടെ പ്രതീകവും കളിക്കു ശേഷം ഗ്രൗണ്ടിൽ ചാടിയിറങ്ങാത്ത മാസ്റ്റർ ബ്ലാസ്റ്ററും രാഹുൽ ദ്രാവിഡും വരെ ചാടി മറഞ്ഞു ഈ ഐതിഹാസിക വിജയം ആഘോഷിച്ചു. അതെ ക്രിക്കറ്റ് കടുവകളുടെ, ബംഗാൾ കടുവയുടെ, യുവസിംഹങ്ങളായ കടുവകുഞ്ഞുങ്ങളുടെ ടീം ഇന്ത്യ.
തോൽവി മുന്നിൽ കണ്ടു സിനിമയ്ക്കു പോയ മാതാപിതാക്കൾ
ഇന്ത്യ തോൽക്കുമെന്നു കരുതി, സച്ചിൻ ഔട്ട് ആയപ്പോൾ, സ്വന്തം മകന്റെ കളി പോലും കാണാതെ, TV ഓഫ് ചെയ്ത് ‘ദേവദാസ് ‘ സിനിമ കാണാൻ പോയ മുഹമ്മദ് കൈഫിന്റെ അച്ഛനും അമ്മയും.
ഇന്ത്യ വിജയിച്ചതറിയാതെ പടം കണ്ടു മടങ്ങിയ കൈഫിന്റെ മാതാപിതാക്കൾ, തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ചാനലുകാരെ കണ്ടു ഞെട്ടി. മകന്റെ വീര പ്രകടനത്തിൽ മാതാപിതാക്കളുടെ അഭിപ്രായവും സന്തോഷ നിമിഷങ്ങൾ ക്യാമെറയിൽ ഒപ്പിയെടുക്കാൻ എത്തിയതാണ് അവർ.
അവരെ പോലെ കോടിക്കണക്കിനു ഇന്ത്യൻ ആരാധകരും പ്രതീക്ഷ കൈവിട്ട ഈ മത്സാരം യുവരാജിന്റെ ഒപ്പവും പിന്നെ വാലറ്റത്തെ കൂട്ടുപിടിച്ചു ഒറ്റയ്ക്കു പോരാടി ഇന്ത്യക്കു എന്നെന്നും അഭിമാനിക്കാവുന്ന ഒരു പ്രകടനം കാഴ്ചവെച്ച കൈഫ്, ഇന്നും എന്നും ഇന്ത്യൻ ആരാധകർക്ക് മറക്കാൻ പറ്റാത്ത ഒരു താരമായിരിക്കും.
ശരിക്കും ഇതു പോലത്തെ പ്രകടനങ്ങളും മത്സരങ്ങളുമാണ് പുതിയ ചെറുപ്പക്കാർക്ക് ഊർജ്ജം നൽകുന്നത്. ഇനിയും ഇതു പോലത്തെ ചെറുപ്പക്കാർ ഇന്ത്യൻ ടീമിലേക്കു വരട്ടെയെന്നും, അവർ ഇന്ത്യൻ ടീമിന് ഒരുപാടു അഭിമാനിക്കാൻ കഴിയുന്ന വിജയങ്ങൾ കൊണ്ട് വരട്ടെയെന്നും ആശംസിച്ചു കൊണ്ട് ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമി.