ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ സംസ്ഥാന സർക്കാർ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും നദ്ദ ആരോപിച്ചു.
വീഡിയോ കോൺഫറൻസിലൂടെ കേരളത്തിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെ നദ്ദ കടന്നാക്രമിച്ചത്. “എല്ലായിടത്തും സ്വർണ്ണത്തിന്റെ നിറം മഞ്ഞയാണ്, പക്ഷേ കേരളത്തിൽ ഇത് ചുവപ്പാണ്. ഐ.ടി ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്താണ് ? “- ബി.ജെ.പി അധ്യക്ഷൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലും ചൂട് നമുക്ക് കാണാൻ കഴിയും. സംഭവത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. ‘ചോർ കി ദാദി മേ ടിങ്ക’ എന്നൊരു ചൊല്ലുണ്ട്, അതിനർത്ഥം മുഖ്യമന്ത്രിയുടെ ഓഫീസ് എവിടെയൊക്കെയോ ഇടപെട്ടിട്ടുണ്ടെന്നാണ്”- ബി.ജെ.പി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ദേശീയ അന്വേഷണ ഏജൻസി ബെംഗളൂരുവിൽ നിന്നും പിടികൂടിയതിനു പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്റെ പരാമാർശം.