തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. സ്വപ്ന സുരേഷ് നേരത്തെ താമസിച്ചിരുന്ന മുടവൻ മുകളിലെ അപാർട്മെന്റിൽ ഐ.ടി സെക്രട്ടറി ശിവശങ്കരൻ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നാണ് അയൽവാസികൾ ആരോപിക്കുന്നത്.
മദ്യപിച്ചു പലപ്പോഴും അർദ്ധരാത്രി വരെ ശിവശങ്കരൻ സ്വപ്നനയുടെ ഫ്ലാറ്റിൽ ഉണ്ടാകാറുണ്ടെന്നാണ് ആക്ഷേപം. അതേസമയം സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിന്നും പിരിച്ചുവിട്ടു. ഐ.ടി. വകുപ്പ് ഓപ്പറേഷൻസ് മാനേജരായിരുന്നു സ്വപ്ന സുരേഷ്. ഇവർ യു.എ.ഇ കോൺസുലേറ്റിലും ജോലി ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ. സരിത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്വപ്നയും നിലവിൽ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത്. ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം.
നേരത്തെ പലതവണ ഇത്തരത്തിൽ ഇരുവരും ചേർന്ന് സ്വർണം കടത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.