കൊവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചിയിൽ സ്ഥിതി രൂക്ഷം. കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം, ചെല്ലാനത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഉറവിടം അവ്യക്തമായി തുടരുകയാണ്. എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് 132 സാമ്പിളുകൾ ശേഖരിച്ചു. ജില്ലയിൽ ആന്റിജെൻ ടെസ്റ്റിന് ആരോഗ്യ വകുപ്പ് തയാറെടുപ്പ് തുടങ്ങി.
തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചി നഗരവും സമൂഹവ്യാപന ഭീഷണി നേരിടുകയാണ്. ഏറ്റവുമൊടുവിൽ കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട 15 പേരെ ക്വാറന്റീനിലാക്കി. രോഗിയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയുടെയും ജീവനക്കാരുടെയും സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്.
ചെല്ലാനത്ത് കണ്ടെയ്ൻമെന്റ് സോണിന്റെ പരിധി വർധിപ്പിക്കാനും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സ്രവ സാമ്പിളുകൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെല്ലാനത്തെ കൊവിഡ് രോഗിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് 132 സാമ്പിളുകൾ ശേഖരിച്ചു. നഗരത്തിൽ പൊലീസ് കർശന പരിശോധനയും ആരംഭിച്ചു. എറണാകുളത്ത് ആന്റിജെൻ ടെസ്റ്റിന് ആരോഗ്യ വകുപ്പ് തയാറെടുപ്പ് തുടങ്ങി. ലക്ഷണങ്ങളില്ലാത്തവർക്കും രോഗികളുമായി സമ്പർക്കം സംശയിക്കുന്നവർക്കും പരിശോധന നടത്തും. ഒപ്പം ബ്ലോക്ക് തലത്തിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളൊരുക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 40 വീതം ബെഡ്ഡുകളുള്ള 15 കേന്ദ്രങ്ങൾ ഒരുക്കാനാണ് തീരുമാനം.