ഇടുക്കി രാജാപ്പാറയിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്. മുന്നൂറോളം പേര് പരിപാടിയില്‍ പങ്കെടുത്തു.
ഒരു റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ പുതിയ വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജൂണ്‍ 28ന് പാര്‍ട്ടി സംഘടിപ്പിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച പരിപാടി 6 മണിക്കൂര്‍ നീണ്ടുനിന്നു. നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുകയായിരുന്നു.
നിലവില്‍ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ നേരത്തെ ഇക്കാര്യം അറിയിച്ചപ്പോള്‍ പൊലീസ് വേണ്ടവിധത്തില്‍ അന്വേഷിച്ചില്ലെന്ന് പരാതിയുണ്ട്. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തതെന്നും വിമര്‍ശനമുണ്ട്.