മംഗലുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ ജീവനക്കാർ കോവിഡ് ഭീതിയില്‍. വ്യാഴാഴ്ച റെയില്‍വേ സ്റ്റേഷനിലെ അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 7 പേര്‍ക്കാണ്. കോവിഡ് സ്ഥിരീകരിച്ചവരെല്ലാം മലയാളി ജീവനക്കാരാണ്. ജീവനക്കാരെല്ലാം ഒരുമിച്ച് താമസിക്കുന്നവരാണ്. കോവിഡിന്റെ ലക്ഷണങ്ങള്‍ ഇവരാരും പ്രകടിപ്പിച്ചിരുന്നില്ലെന്നത് ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
മംഗളൂരു റെയില്‍വെ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. രോഗലക്ഷണമുണ്ടായാൽ ഉടൻ റെയിൽവെ ആസ്പത്രിയിൽ വിവരം നൽകണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും റെയിൽവേയുടെ ചെലവിൽ കോവിഡ് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് മംഗളൂരു റെയിൽവെ അധികൃതർ.
രോഗബാധയെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചു ജീവനക്കാരെ കൂടി മംഗളൂരു ദേര്‍ലക്കട്ട ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പരിശോധന നടത്തിയ നാല് മെക്കാനിക്കല്‍ ജീവനക്കാരുടെയും ഒരു ഇലക്ട്രിക്കല്‍ ജീവനക്കാരന്റെയും പരിശോധനാഫലം വ്യാഴാഴ്ച പുറത്തുവന്നപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം കോവിഡ് ബാധിച്ച ജീവനക്കാരനുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എല്ലാവരും ഒരേ റെയില്‍വെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.
പുതുതായി കോവിഡ് സ്ഥിരീകരിച്ചവര്‍ക്കൊപ്പം ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഒരു ജീവനക്കാരന് അവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ഇദ്ദേഹം അവിടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് ബാധിച്ച ഏഴുപേരും കോഴിക്കോട്, പാലക്കാട് സ്വദേശികളാണ്.
മംഗളൂരു സിറ്റി നോര്‍ത്ത് എം.എല്‍.എയും ഡോക്ടറുമായ വൈ. ഭരത്ഷെട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമചന്ദ്ര ബായാര്‍, താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ സുജയ് ഭണ്ഡാരി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.