തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്ക ഉയർത്തുന്നു. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ആനകളുടെ മരണം ശ്രദ്ധിക്കപ്പെടുന്നത്. മെയിൽ 169 ആനകളെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജൂൺ പകുതിയോടെ മരണസംഖ്യ ഇരട്ടിയായി. 350ൽ അധികം ആനകളെയാണ് ഒക്കവാംഗോ ഡെല്‍റ്റ പ്രദേശത്ത് വിവിധയിടങ്ങളിലായി ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ആനകളുടെ യഥാർഥ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലാബ് ഫലങ്ങൾ എത്താൻ ഇനിയും ആഴ്ചകൾ വേണ്ടി വരുമെന്നാണ് സർക്കാര്‍ അധികൃതർ പറയുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ചാരിറ്റി നാഷണൽ പാർക്ക് റെസ്ക്യു ഡയറക്ടർ ഡോ.നീൽ മക്കൻ ആണ് ആനകളുടെ കൂട്ടമരണം അധികൃതരുടെ ശ്രദ്ധയിൽ ആദ്യം കൊണ്ടുവരുന്നത്. ഇതിന് പിന്നാലെ ഡെൽറ്റ പ്രദേശത്തിന് മുകളിലൂടെ വ്യോമനിരീക്ഷണവും നടത്തി. മെയ് ആദ്യം നടത്തിയ മൂന്ന് മണിക്കൂർ വ്യോമയാത്രയിൽ 169 ആനകളെയാണ് ഇവർ ചെരിഞ്ഞ നിലയിൽ കണ്ടത്. ഒരുമാസത്തിന് ശേഷം വീണ്ടും നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
കൊല്ലപ്പെട്ട ആനകളുടെ കണക്കെടുക്കുകയാണെങ്കിൽ വരള്‍ച്ച പോലും ഇല്ലാത്ത ഒരു പ്രദേശത്ത് ഇത്രയും മരണം തീർത്തും അത്ഭുദപ്പെടുത്തുന്നതാണെന്നാണ് നീൽ പറയുന്നത്. അനധികൃത വേട്ടയാടൽ ആകാം ഒരുകാരണമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ആനകളുടെയൊന്നും കൊമ്പുകൾ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതിനുള്ള സാധ്യതകൾ വിരളമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വേട്ടയാടലിന്റെ ഭാഗമായി വേട്ടക്കാർ സയനൈഡ് പോലുള്ള എന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആനകള്‍ മാത്രമല്ല മറ്റ് മൃഗങ്ങളും കൊല്ലപ്പെടേണ്ടതല്ലേയെന്ന സംശയവും നീൽ ഉന്നയിക്കുന്നുണ്ട്.
പ്രകൃതിദത്തമായ ഏതെങ്കിലും തരത്തിലുള്ള വിഷവസ്തുക്കളാകാം ആനകളുടെ മരണത്തിന് ഇടയക്കിയതെന്ന വാദവും ഉയരുന്നുണ്ടെങ്കിലും അന്തിമകാരണം സംബന്ധിച്ച് ആർക്കും ഇതുവരെ നിഗമനത്തിലെത്താനായിട്ടില്ല. പല ആനകളും മുഖം കുത്തി വീണ നിലയിലാണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ വീണുള്ള മരണമാകാമെന്നാണ് കരുതപ്പെടുന്നത്. ചില ആനകൾ മരണത്തിന് മുമ്പായി വട്ടത്തിൽ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതായി ചിലർ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അവയുടെ നാഡീവ്യവസ്ഥയെ ബാധിച്ച എന്തെങ്കിലും അസുഖങ്ങളാകാമെന്ന സംശയവും ഉയരുന്നു.
എന്നാൽ വ്യക്തമായ കാരണം മനസിലാകാതെ ഒരു നിഗമനത്തിലെത്തേണ്ട എന്ന നിലപാടിലാണ് അധികൃതർ. വെള്ളമോ ചിലപ്പോൾ മണ്ണോ ആണ് രോഗത്തിന്റെ ഉറവിടം എങ്കിൽ കൃത്യമായ കാരണം അറിയാത്തതിനാൽ അസുഖം മനുഷ്യരിലേക്കും പകരുമോ എന്ന കാര്യവും വ്യക്തമായി പറയാനാകില്ലെന്നും നീൽ പറയുന്നു. ഇതൊരു പ്രകൃതി ദുരന്തമാണെങ്കിലും പൊതുജനാരോഗ്യത്തിന് പ്രതിസന്ധി ഉയര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും നീൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.